പുലിക്കുന്നിൽ പുലിക്കൊപ്പം ആനക്കൂട്ടവും
text_fieldsമുണ്ടക്കയം: പുലിപ്പേടിക്ക് പിന്നാലെ പുലിക്കുന്നിൽ കാട്ടാനകളും ഇറങ്ങിയത് നാടിനെ ഭീതിയിലാക്കി. ബുധനാഴ്ച പുലിക്കുന്ന് കുളമാക്കൽ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ജനവാസ മേഖലയിലാണ് കാട്ടാനകളുടെ വിളയാട്ടം. കപ്പ, വാഴ, ഉൾപ്പെടെ നിരവധി കൃഷിയാണ് നശിപ്പിച്ചത്. കാട്ടാനക്കൂട്ടം മരച്ചില്ലകളും മറ്റും ഒടിക്കുന്ന ശബ്ദം കേട്ടാണ് പ്രദേശവാസികൾ ഉണർന്നത്. തുടർന്ന് നാട്ടുകാർ ബഹളംവെച്ചതോടെയാണ് ഇവ കൃഷിയിടം വിട്ടത്.
വിനീത് കല്ലുകുളം, പന്ന്യമാക്കൽ ജോസഫ്, ജോസഫ് മേച്ചേരി എന്നിവരുടെ കൃഷിയിടത്തിലാണ് ആനകൾ നാശം വിതച്ചത്. കഴിഞ്ഞയാഴ്ചയാണ് മേഖലയിൽ പുലിയിറങ്ങി ആടുകളെ കൊന്നത്. പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞതോടെ വനംവകുപ്പ് കാമറ സ്ഥാപിച്ചിരുന്നു. അതിന് അടുത്തദിവസം ഓലിക്കൽപാറ റെജിയുടെ വീട്ടുമുറ്റത്തും തിണ്ണയിലും പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടതായും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ കൃഷിനാശം ഉണ്ടാക്കിയ കാട്ടനക്കൂട്ടം സമീപത്തെ വനത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ വീണ്ടും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തുമോ എന്ന ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.