യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsമുണ്ടക്കയം: ഭര്‍തൃപീഡനംമൂലം യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍. കൂട്ടിക്കല്‍ ഇളങ്കാട് ടോപ്പില്‍ കൂവളത്ത് റഹ്മത്ത് അലി- സൈനബ ദമ്പതികളുടെ ഏക മകള്‍ അനീഷ (21) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് കോഴിക്കോട് പയ്യോളി സ്വദേശി മൂപ്പിക്കതില്‍ നാസറിനെ (25) കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടന് അറസ്റ്റ് ചെയ്തത്.
2020 ജൂലൈ ആറിനാണ് അനീഷ ഇളങ്കാട് ടോപ്പിലെ വീട്ടില്‍ കുഞ്ഞിനെ ഉറക്കി കിടത്തിയശേഷം തൊട്ടിലിന്റെ കയറില്തന്നെ തൂങ്ങിമരിച്ചത്. ഭര്‍ത്താവ് നാസറിനെ വിഡിയോകാള്‍ ചെയ്ത് മരണം ലൈവായി കാണിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: അനീഷയുടെ പിതാവ് റഹ്മത്ത് അലിയുടെ സഹോദരീപുത്രനാണ് നാസർ. നെടുങ്കണ്ടം സ്വദേശിയുമായുള്ള അനീഷയുടെ വിവാഹ നിശ്ചയത്തിന് സഹോദരിയെയും കുടുംബത്തെയും ക്ഷണിക്കാൻ റഹ്മത്ത് അലിയും ഭാര്യയും മകളും കോഴിക്കോട്ട് എത്തി ഇവരുടെ വീട്ടില്‍ ഒരാഴ്ചയോളം താമസിച്ചു. ഇതിനിടെ, യുവതിയുടെ മനസ്സ് മാറ്റി നാസറിന്റെ വീട്ടുകാര്‍ അയാൾക്കുവേണ്ടി വിവാഹാലോചന നടത്തുകയായിരുന്നു. എന്നാല്‍, വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെ അനീഷയെ ഇവര്‍ ഇളങ്കാട് നിന്ന് കൂട്ടിക്കൊണ്ടുപോയി.
മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ ഒന്നിച്ചുജീവിക്കാൻ അനുമതി നൽകുകയായിരുന്നു. എന്നാല്‍, നാസറിന് 21 വയസ്സ് പൂര്‍ത്തിയായില്ലെന്ന പരാതിയില്‍ പിന്നീട് ഇരുവരെയും മാറ്റിത്താമസിപ്പിച്ചു. പ്രായപൂര്‍ത്തിയായശേഷം ഇവര്‍ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയെങ്കിലും മിക്ക ദിവസവും വഴക്ക് പതിവായിരുന്നു. ഇതുസംബന്ധിച്ച് പയ്യോളി പൊലീസില്‍ നിരവധി പരാതികൾ നൽകിയിരുന്നു. ഇളങ്കാടിലെ വീടും സ്ഥലവും നാസറിന്റെ പേരില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനീഷയെ മര്‍ദിച്ചിരുന്നത്. അപവാദപ്രചാരണവും ഇയാള്‍ നടത്തിയിരുന്നു. ഇത് സഹിക്കവയ്യാതെയായിരുന്നു യുവതിയുടെ ആത്മഹത്യ.
മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. തുടര്‍ന്ന്, ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണച്ചുമതല കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടനെ ഏൽപിച്ചു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് നാസര്‍ കുടുങ്ങിയത്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.