കൊക്കയാർ പ്രാഥമികാരോഗ്യകേന്ദ്രം: ‘അധികാരികളുടെ നിസ്സംഗത; മൂന്നുകോടി രൂപ നഷ്ടമാവും’
text_fieldsമുണ്ടക്കയം: കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം വെംബ്ലിയിലുള്ള പഞ്ചായത്ത് വക സ്ഥലത്ത് സ്ഥാപിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മൂന്ന് വർഷങ്ങൾക്കു മുമ്പ് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി പി.എച്ച്.സിക്ക് മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഫണ്ടുപയോഗിച്ച് ഇതുവരെ കെട്ടിടംപണി തുടങ്ങിയിട്ടില്ല.
കൊക്കയാർ പഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട്, വെംബ്ലി, കനകപുരം, വടക്കേമല, ഉറുമ്പിക്കര, ഏന്തയാർ ഈസ്റ്റ്, മുക്കുളം എന്നീ വാർഡുകളിലെ ആയിരക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് പ്രയോജനം ലഭിക്കണമെങ്കിൽ ഈ സ്ഥാപനം വെംബ്ലിയിൽ നിർമിക്കണം. നിലവിൽ ഈ മേഖലയിലെ രോഗികൾ കിലോമീറ്ററുകൾ യാത്ര താണ്ടിയാണ് ചികിത്സ തേടുന്നത്. പട്ടികജാതി - വർഗ്ഗ ജനവിഭാഗങ്ങളാണ് ഇവിടെ കൂടുതലും തിങ്ങിപ്പാർക്കുന്നത്. പദ്ധതി രഹസ്യമാക്കി വെക്കുകയായിരുന്നു. പണം ചിലവഴിക്കേണ്ട കാലാവധി തീരാറായപ്പോഴാണ് ജനങ്ങൾ അറിയുന്നത്.
കൊക്കയാർ പഞ്ചായത്തിന് സ്വന്തമായി സ്ഥലമുള്ളപ്പോൾ സർക്കാറുമായി ഉടമസ്ഥാവകാശം ചോദ്യം ചെയ്തുകൊണ്ട് കേസ് നിലനിൽക്കുന്ന പാരിസൺ എസ്റ്റേറ്റ് ഭൂമിയിൽ തന്നെ നിർമിക്കണമെന്ന് ഭരണസമിതി വാശിപിടിക്കുന്നത് എന്തിനാണെന്ന് തെരഞ്ഞെടുത്ത ജനങ്ങളോട് വ്യക്തമാക്കണം. റവന്യു രേഖകളിൽ തോട്ടമെന്ന സ്ഥലത്ത് നിർമാണജോലി നടത്താനാവില്ലെന്നത് മറച്ചുവെക്കുന്നത് അഴിമതിയുടെ ഭാഗമാണ്. ഈ ഭൂമിയിൽ തന്നെ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച ബോയ്സ് എസ്റ്റേറ്റ് വക ഗ്രൗണ്ടിൽ ആരംഭിച്ച സ്റ്റേഡിയത്തിന്റെ നിർമാണം നിയമക്കുരുക്കിൽപ്പെട്ട് കിടക്കുകയാണ്.
സ്റ്റേഡിയത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപ നഷ്ടമാക്കിയ അധികാരികൾ ഇതേ നിലപാടാണ് ആശുപത്രി വിഷയത്തിലും സ്വീകരിച്ചുപോരുന്നത്. ജനോപകാരപ്രദമായ വിഷയത്തിൽ വാർഡംഗം അടക്കമുള്ളവർ മുഖം തിരിഞ്ഞുനിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ പി.എച്ച്.സിക്കായി അനുവദിച്ച ഫണ്ട് തർക്കഭൂമിയിൽ വിനിയോഗിക്കാൻ ശ്രമിച്ചാൽ ഫണ്ട് നഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.
ഈ ആശുപത്രി വെംബ്ലിയിൽ നിർമിച്ചാൽ പഞ്ചായത്തിന് അഭിമാനവും ജനങ്ങൾക്ക് ആശ്വാസപ്രദവുമാണന്നും അതിന് പഞ്ചായത്ത് തയ്യാറാകണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കെ.കെ. ധർമ്മിഷ്ടൻ, കെ.എ. അബ്ദുൾ വഹാബ്, കൊക്കയാർ പഞ്ചായത്ത് അംഗം പി.വി. വിശ്വനാഥൻ, പി.എം. ഹനീഫ, പി.എം. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.