വീണ്ടും പുലി; ചെന്നപ്പാറയിൽ പശുക്കിടാവിനെ കൊന്നു
text_fieldsമുണ്ടക്കയം: വീണ്ടും പുലിയുടെ ആക്രമണം. ചെന്നപ്പാറയിൽ പശുക്കിടാവിനെ കൊന്നുതിന്നു. മുണ്ടക്കയം - മതമ്പ പാതയോരത്ത് ചെന്നാപ്പാറ താഴെഭാഗത്ത് ക്ഷേത്രത്തിനു സമീപത്തെ റബർ തോട്ടത്തിലാണ് പശുക്കിടാവിനെ പകുതി ഭക്ഷിച്ചനിലയിൽ കണ്ടെത്തിയത്. .തോട്ടത്തിൽ മേഞ്ഞുനടന്നിരുന്ന പശുവാണിതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞയാഴ്ച ഇതിനുസമീപത്തെ ഇ.ഡി.കെ. ഡിവിഷനിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ പുലി കൊന്നു തിന്നിരുന്നു. ഇതോടെ വനം വകുപ്പ് പുലിക്കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെ ഇവിടെതന്നെ ബൈക്ക് യാത്രികൻ പുലിയെ കണ്ടിരുന്നു. ഒന്നര മാസം മുമ്പ് ചെന്നാപ്പാറ ടോപ്പിൽ റബർ ടാപ്പിങ്ങിനിടെ 25 അടി ദൂരത്തിൽ പുലിയെ തൊഴിലാളി കണ്ടതായി പറഞ്ഞെങ്കിലും തൊട്ടടുത്ത് ബി.ഡിവിഷനിൽ എസ്റ്റേറ്റ് ജീവനക്കാരന്റെ ക്വാർട്ടേഴ്സിന്റെ തിണ്ണയിൽ കയറി വളർത്തുനായെ ആക്രമിച്ചു.
പിന്നീട് കുപ്പക്കയത്തും കൊമ്പുകുത്തി ഭാഗത്തും പുലിയെ കണ്ടതായി പറയുന്നു. പുലിയെ കണ്ടയിടങ്ങളിലെല്ലാം വനം വകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ല.
വീണ്ടും പുലി പശുവിനെ പിടികൂടിയതോടെ തൊഴിലാളികളും യാത്രക്കാരുമെല്ലാം കടുത്ത ഭീതിയിലാണ്. പുലിയുടെ സാന്നിധ്യം ജനവാസ കേന്ദ്രത്തിൽ ഉണ്ടായതോടെ തോട്ടം തൊഴിലാളികൾ ലയത്തിന് പുറത്തിറങ്ങാൻ പോലും ഭയത്തിലാണ്. ചെന്നാപ്പാറ ടോപ്പിൽ ആനക്കൂട്ടം, രാജവെമ്പാല, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയും ജനവാസ കേന്ദ്രത്തിലിറങ്ങിയിരുന്നു. ലയത്തിനോട് ചേർന്നുള്ള മരത്തിൽനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി വനത്തിൽ തുറന്നു വിട്ടിരുന്നു.
ശബരിമല വനാതിർത്തിയോട് ചേർന്ന് മൂവായിരം ഏക്കറിലധികം ഭൂമിയുള്ള സ്വകാര്യ തോട്ടത്തിൽ കാട് വെട്ടിത്തെളിക്കാത്തത് മൃഗശല്യം രൂക്ഷമാകാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്. വന്യമൃഗങ്ങൾ ഇവിടെ താവളമാക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.