പുലിപ്പേടിയിൽ പട്ടാളക്കുന്ന് മേഖല
text_fieldsമുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടിക്കടുത്ത് പട്ടാളകുന്നിൽ ആടുകളെ വന്യമൃഗം കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. മണിക്കൊമ്പേൽ റെജിയുടെ രണ്ട് ആടുകളെയാണ് കടിച്ചുകൊന്ന് പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.
ദിവസങ്ങൾക്ക് മുമ്പ് ബാങ്ക്പടിക്ക് സമീപം പത്തേക്കർ കുഴിവേലിയിൽ ജോൺസൺ, പൂന്തോപ്പിൽ ദീപു എന്നിവരുടെ വളർത്തുനായ്ക്കളെയും കൊന്നനിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.
പിന്നീടാണ് റെജിയുടെ രണ്ട് ആടുകളെയും ആക്രമിച്ചത്. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ജനപ്രതിനിധികളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
വന്യമൃഗത്തെ പിടിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞുവെച്ചു. അധികാരികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഓർഡർ ലഭിച്ചാൽ ഉടൻ കൂട് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മേഖലയിൽ കൂട് സ്ഥാപിക്കുമെന്ന് എരുമേലി റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു.
എന്നാൽ, പുലിക്കുന്നിൽനിന്ന് പിടികൂടിയ പുലിയാണ് വീണ്ടും മേഖലയിൽ ഇറങ്ങിയതെന്നും പുലി ഉൾപ്പെടെയുള്ള മൃഗങ്ങളെ പിടികൂടിയാൽ അടുത്തുള്ള വനത്തിൽ തുറന്നുവിടുന്നത് മൂലമാണ് പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.