മുപ്പത്തിയഞ്ചാം മൈലിൽ പൊടിപൊടിച്ച് മദ്യക്കച്ചവടം
text_fieldsമുണ്ടക്കയം ഈസ്റ്റ്: ഹൈറേഞ്ചിന്റെ കവാടമായ മുപ്പത്തിയഞ്ചാം മൈല്‍ കേന്ദ്രീകരിച്ച് മദ്യകച്ചവടം പൊടിപൊടിക്കുന്നു. ടൗണിലെ ചില വ്യാപാരസ്ഥാപനങ്ങളും ഓട്ടോറിക്ഷകളും കേന്ദ്രീകരിച്ചാണ് വ്യാപാരം. മുണ്ടക്കയത്തെ ബീവറേജ് ഔട്ലെറ്റില് നിന്നും വാങ്ങുന്ന മദ്യമാണ് വിലകൂട്ടി മേഖലയില്‍ മൊബൈല്‍ ബാറായി ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുന്നത്. ചിലവ്യാപാര സ്ഥാപനങ്ങളില്‍ മദ്യപിക്കാന്‍ സൗകര്യമൊരുക്കിയാണ് കച്ചവടം. മുമ്പ് മുപ്പത്തിയഞ്ചാം മൈലില്‍ ബിവറേജസ് ഔട്ലെറ്റുണ്ടായിരുന്നു.
പിന്നീട് അത് നിര്‍ത്തലാക്കിയതോടെയാണ് അനധികൃത മദ്യകച്ചവടം തുടങ്ങിയത്. ഓട്ടോക്കൂലി നല്കിയാൽ രാവും പകലുമില്ലാതെ ആവശ്യക്കാരന് ഏതുസ്ഥലത്തും ഇപ്പോൾ മദ്യം എത്തിച്ചുനല്‍കും.
പെരുവന്താനം പൊലീസ് സ്റ്റേഷന്റെ മൂക്കിന്‍തുമ്പത്താണ് അനധികൃത മദ്യവില്പന. മദ്യവില്‍പ്പനക്കെതിരെ അടുത്തിടെ പൊലീസില്‍ പരാതി കിട്ടിയെങ്കിലും പ്രയോജനമില്ലെന്നും ആക്ഷേമുണ്ട്. മദ്യവില്പന സംബന്ധിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും ഉണ്ടാവുകയും വിഷയം പൊലീസിലെത്തുകയും ചെയ്തിരുന്നു.
മേഖലയിലെ ചെറുറോഡുകളിൽ മദ്യപരുടെ ശല്യം രൂക്ഷമാണ്. മുപ്പത്തിയഞ്ചാം മൈല്‍-മേലോരം റോഡ്, ടി.ആര്.ആൻഡ്. ടി റോഡ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വഴിയോര മദ്യപരുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവരും ഇവിടെയെത്തി മദ്യപിക്കുന്നുണ്ട്.
ഇത് ചോദ്യംചെയ്താല്‍ സംഘര്‍ഷം ഉണ്ടാവുന്നതും പതിവാണ്. അതിനാല്‍ ആളുകള്‍ പ്രതികരിക്കാനും തയാറാകുന്നില്ല.മേഖലയില്‍ കഞ്ചാവ്മാഫിയയും സജീവമാണ്. ആറുമാസം മുമ്പ് ഇവിടെ എക്സൈസ് വന്‍ ലഹരിമരുന്ന് വേട്ട നടത്തിയെങ്കിലും സംഘത്തിന്റെ സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപെട്ടു. എക്സൈസിന്റെ ഒത്തുകളിക്കെതിരെയും പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.