വോട്ടെണ്ണലില്‍ കൃത്രിമം; യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഹരജി: ഉദ്യോഗസ്ഥര്‍ 27ന് ഹാജരാകണം
text_fieldsമുണ്ടക്കയം: കൊക്കയാര്‍ സഹകരണ ബാങ്ക് വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്നുകാട്ടി നിക്ഷേപമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സുബിന് ബാബു വരിക്കമാക്കല്‍ തിരുവനന്തപുരം ആര്ബിട്രേഷന് കോടതിയില്‍ നല്കിയ ഹരജി ഫയലില്‍ സ്വീകരിച്ചു. കഴിഞ്ഞ ജൂണ്‍ 11ന് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചുസീറ്റും വീതമാണ് ലഭിച്ചത്. തുടർന്ന് ഇടതുമുന്നണി ഭരണത്തിലേറിയിരുന്നു. എന്നാല്‍, വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്നും വിജയിച്ച തന്നെയും സഹപ്രവര്‍ത്തകരെയും തോറ്റ പട്ടികയില്‍പ്പെടുത്തി ഫലം പ്രഖ്യാപിക്കുകയായിരുന്നുവെന്നും കാട്ടി നിക്ഷേപമണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസിലെ സുബിന് ബാബു ഹരജി ഫയല്‍ ചെയ്തിരുന്നു. പ്രഖ്യാപിച്ച ഫലത്തില്‍ വോട്ടുകളുടെ കണക്കുകള്‍ തെറ്റാണെന്നും തങ്ങള്‍ക്ക് ലഭിച്ച വോട്ടുകള്‍ മനഃപൂര്‍വം അസാധു പട്ടികയിലും എതിര് സ്ഥാനാർഥി പട്ടികയിലും ഉള്‍പ്പെടുത്തിയതായും കാണിച്ചായിരുന്നു ഹരജി. തുടർന്ന് എതിര്‍കക്ഷികളായ സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷന്, ഇലക്ട്രല്‍ ഓഫിസര്‍, റിട്ടേണിങ് ഓഫിസര്‍, കൊക്കയാര്‍ സഹകരണ ബാങ്ക്, നിക്ഷേപ മണ്ഡലത്തില്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്നിവരോട് ഈ മാസം 27ന് ഹാജരാകാന്‍ കോടതി നിർദേശിച്ചു. ഹരജിക്കാരനായി അഭിഭാഷകരായ പി. റഹീം, ആർ. റഹ്മത്തുല്ല, ഇങ്കു റഹ്മത്ത് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.