വണ്ടന്‍പതാലില്‍ മുഹമ്മദ്:പരേതരുടെ സൂക്ഷിപ്പുകാരൻ
text_fieldsമുണ്ടക്കയം: ഉറ്റവരായാലും നാട്ടുകാരായാലും മുഹമ്മദിന് വ്യത്യാസമില്ല, അവരുടെ മരണഫോട്ടോയും വാര്‍ത്തയും ആല്‍ബമാക്കി സൂക്ഷിക്കുകയാണ് റിട്ട. വില്ലേജ് ഓഫിസർ കൂടിയായ വണ്ടന്‍പതാല്‍ അമ്പഴത്തിനാല്‍ എ.എസ്.മുഹമ്മദ്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 10 വര്‍ഷമായി മരിച്ചവരുടെ കണക്കെടുക്കണമെങ്കില്‍ ഓഫിസില്‍പോയി മരണസര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടതില്ല. വണ്ടന്‍പതാലില്‍ മുഹമ്മദിന്റെ വായനശാലയിലെത്തി മരിച്ചവര്‍ക്കായി തയാറാക്കിയ ആല്‍ബം പരിശോധിച്ചാല്‍മതി. 2015മുതല്‍ മുഹമ്മദ് പത്രങ്ങളില്‍ വരുന്ന മരണവാര്‍ത്തകൾ വെട്ടിയെടുത്ത് സൂക്ഷിക്കുകയാണ്. അതില്‍ ജാതിയോ മതമോ സ്ഥലമോ എന്നു വ്യത്യാസമില്ല. മരിച്ചത് കാഞ്ഞിരപ്പള്ളി താലൂക്കുകാരനായാല്മതി, മുഹമ്മദിന്റെ ആല്‍ബത്തില്‍ അന്നുതന്നെ ഇടംപിടിക്കും. താന്‍ വീട്ടില്‍ വരുത്തുന്ന പത്രങ്ങള്‍ വെട്ടിനശിപ്പിക്കാറുമില്ല. മറ്റുള്ള സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന പത്രങ്ങളാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. രണ്ടുപതിറ്റാണ്ടായി മലയാളമടക്കം വിവിധ ഭാഷാപത്രങ്ങള്‍ സൂക്ഷിക്കുന്നയാളാണ് മുഹമ്മദ്.
ആറ് ബുക്കുകളാണ് മരണ ആല്‍ബമായി ഉപയോഗിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ 12 വില്ലേജുകളിലെ മരണവാര്ത്തകളാണ് ഏറെയും. മൊത്തം ഏഴായിരത്തോളം മരണവാര്ത്തകളാണ് മുഹമ്മദിന്റെ ശേഖരത്തിലുള്ളത്. കൂടാതെ പ്രത്യേകതകളുള്ള മരണവാര്‍ത്തകള്‍ പത്രങ്ങളില്‍ വരുന്നതും മുഹമ്മദ് വെട്ടി സൂക്ഷിക്കുന്നുണ്ട്. അതിന് താലൂക്കോ ജില്ലയോ നോക്കാറില്ല. വിശിഷ്ടവ്യക്തികള്‍ മരണപ്പെട്ടാല്‍ അതും മുഹമ്മദിന്റെ ആല്ബത്തിലുണ്ടാകും. കെ.കരുണാകരന്, ഇ.കെ.നായനാര്‍, ഉമ്മന്‍ചാണ്ടി, കെ.എം.മാണി, കമല സുറയ്യ, പാണക്കാട് ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുടെ മരണവാര്‍ത്തകള്‍ അടങ്ങിയ പത്രം സൂക്ഷിച്ചിട്ടുണ്ട്. 2004ല്‍ ആയിരക്കണക്കിനാളുകള്‍ മരണപ്പെട്ട സുനാമി ദുരന്തത്തിന്റെ വാര്‍ത്തയുള്ള മാധ്യമം പത്രം എം.എസ്.മുഹമ്മദ് നിധിപോലെ സൂക്ഷിക്കുന്നു. ഹജ്ജ് കാലയളവില്‍ മക്കയിലുണ്ടായ ദുരന്തവാര്‍ത്തയും ചേര്‍ത്തുവെച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പത്രങ്ങളുടെ 162ഓളം പ്രദര്‍ശനങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. കൗതുക വാര്‍ത്തകളും പൊലീസിനെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ വാര്‍ത്തകളുടെ ശേഖരണവും മുഹമ്മദ് തുടങ്ങിെവച്ചു. ഭാര്യ ഐഷാബീവിയും മക്കളായ അല്‍ത്താഫ്, അക്തര്‍, മരുമക്കളായ ഐഷ, ഹബീബ എന്നിവരുടെ പൂര്‍ണപിന്തുണയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.