മഴക്കെടുതി; റോഡും പാലങ്ങളും തകര്‍ന്ന് 37 കോടിയുടെ നഷ്ടം
text_fieldsമുണ്ടക്കയം: മഴക്കെടുതിയില്‍ ജില്ലയില്‍ 59 റോഡുകള്‍ നശിച്ചതായും 31.08 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. ദുരിതബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും വിലയിരുത്തുന്നതിനായി മുണ്ടക്കയം പഞ്ചായത്ത് ഹാളില്‍ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. റോഡുകള്‍ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാലങ്ങള്‍ക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തല്‍.
പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ റോഡുകള്‍ക്കും വ്യാപക നാശമുണ്ടായി. പൊതുമരാമത്ത്- റോഡ്, പാലം വിഭാഗങ്ങള്‍ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങള്‍ എന്നിവ തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് നല്‍കും. കൃഷിവകുപ്പ് പ്രാഥമിക നഷ്ടം വിലിയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചക്കകം കണക്കെടുപ്പ് പൂര്‍ത്തീകരിക്കും.
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും മുങ്ങിയ കിണറുകളിലെ ജലം ഉപയോഗ യോഗ്യമാണോയെന്ന് പരിശോധിക്കാൻ ജലഅതോറിറ്റിയെ ചുമതലപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ നഷ്ടം വിലയിരുത്താന്‍ റവന്യൂ വകുപ്പ് മുഖേന നടപടി സ്വീകരിക്കും. മലവെള്ളപ്പാച്ചിലില്‍ റേഷന്‍ കാര്‍ഡടക്കം നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കലക്ടറേറ്റില്‍ സംവിധാനമൊരുക്കും. എല്ലാ വകുപ്പുകളും നഷ്ടങ്ങള്‍ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്കാന് നിർദേശിച്ചു. പുറമെ തദ്ദേശസ്വയം സ്ഥാപന സെക്രട്ടറിമാരും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം. ദുരന്തബാധിതരെ സഹായിക്കാന്‍ എല്ലാ സംവിധാനവുമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. മീനച്ചില്‍ താലൂക്കിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ കലക്ടറേറ്റില്‍ യോഗം ചേരും.
സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍മല ജിമ്മി, കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി ഡി. ശില്പ, പൊതുമരാമത്ത് ചീഫ് എൻജിനീയര്‍മാരായ അജിത് രാമചന്ദ്രന്, എം. മനോമോഹന്‍, എ.ഡി.എം ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്, പഞ്ചായത്ത് പ്രസിഡൻറുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വൈദ്യുതി മേഖലയിൽ 3.98 കോടി നഷ്ടം
കോട്ടയം: കനത്ത കാറ്റും മഴയും ഉരുൾപൊട്ടലും മൂലം ജില്ലയിൽ വൈദ്യുതി മേഖലയിലുണ്ടായത് 3.98 കോടിയുടെ നഷ്ടം. കൂട്ടിക്കൽ, ഈരാറ്റുപേട്ട, പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി, പാറത്തോട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ ഉൾപ്പെടുന്ന പാലാ സർക്കിളിൽ 3.20 കോടിയുടെയും കോട്ടയം സർക്കിളിൽപ്പെട്ട മണിമല, പത്തനാട് സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെയും നഷ്ടമെന്നാണ് പ്രാഥമിക കണക്ക്.
1,04,809 ഉപഭോക്താക്കളെയാണ് പ്രളയം ബാധിച്ചത്. 853 ട്രാൻസ്ഫോർമറുകൾക്ക് കേടുപാട് സംഭവിച്ചു.185 ഹൈടെൻഷൻ പോസ്റ്റുകളും 241 ലോടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. 10.5 കിലോമീറ്റർ ഹൈടെൻഷൻ ലൈനുകൾക്കും 15.5 കിലോമീറ്റർ ലോടെൻഷൻ ലൈനുകൾക്കും നാശമുണ്ടായി. കോട്ടയം സർക്കിളിലെ കേടുപാടുകൾ വ്യാഴാഴ്ചയോടെ പരിഹരിച്ചു പാലാ സർക്കിളിലെ പ്ലാപ്പിള്ളി, വടക്കേമല, മുണ്ടക്കയം, കൂട്ടിക്കൽ ടൗൺ, ഏഴേക്കർ, ഉറുമ്പിക്കര എന്നിവിടങ്ങളിലെ 946 കണക്ഷനുകളൊഴികെ മറ്റ് പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.