ഡോക്ടര്‍മാരില്ല, ചികിത്സയും കുറഞ്ഞു; മുണ്ടക്കയം ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍
text_fieldsമുണ്ടക്കയം: ഹൈറേഞ്ച് കവാടത്തിലെ മെഡിക്കല്‍ കോളജ് എന്ന മുണ്ടക്കയം ഗവ. ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിൽ. ആറു ഡോക്ടര്‍മാരുടെ വരെ സേവനം ലഭിച്ചിരുന്ന ഇവിടം ഇന്ന് കോവിഡ് വാക്സിനേഷന് ക്യാമ്പായി മാറി.
കോടിക്കണക്കിനു രൂപ മുടക്കിയ ഇവിടെ എല്ലാ സംവിധാനങ്ങളും ഉണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. കുറെ ജീവനക്കാർ പകലന്തിയോളം ചെലവഴിച്ചു പോകുന്നു. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
രാവിലെ ഏഴോടെ ആശുപത്രി പ്രവര്‍ത്തനം തുടങ്ങുമെങ്കിലും വൈകീട്ട് മൂന്നരയോടെ ഗേറ്റിനു പൂട്ടുവീഴും. കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയ ഇവിടെ അഞ്ചില്‍ കുറയാത്ത ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നിരിക്കെ ഒരു ഡോക്ടറാണ് മുഴുവന്‍ കാര്യവും നോക്കേണ്ടിവരുന്നത്. ഇതോടെ രാവിലെ മുതല്‍ ഒ.പി വിഭാഗത്തില്‍ രോഗികളുടെ നീണ്ട വരിയാണ്. വരിയില്‍ നിന്ന് രോഗികള്‍ തലകറങ്ങി വീഴുന്നത് പതിവു സംഭവമാണ്.
ചികിത്സ സംവിധാനം മെച്ചപ്പെടുത്താനാണ് എല്ലാ സംവിധാനങ്ങളുമായി പുതിയ കെട്ടിടം ആരംഭിച്ചത്. എന്നാല്‍, എല്ലാ വിഭാഗവും അടച്ചുപൂട്ടിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഡെന്റല്‍ വിഭാഗത്തിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്തു തുടങ്ങി. കിടത്തിച്ചികിത്സക്ക് നൂറുകണക്കിന് കിടക്കകളും ഓക്സിജന്‍ സൗകര്യവും ഇവിടെയുണ്ട്. എന്നാല്‍, അടച്ചുപൂട്ടി താക്കോല്‍ സുരക്ഷിതമാക്കി വെച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ല.
ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിച്ചിരുന്ന ഒ.പിയും ഫാര്മസിയുമടക്കം ഒന്നാം നിലയിലേക്ക് മാറ്റിയെങ്കിലും മുതിര്‍ന്നവരും രോഗികളുമായവര്‍ക്ക് മുകളിലെ നിലയിലെത്തണമെങ്കില്‍ ചവിട്ടുപടി മാത്രമാണ് ആശ്രയം. ലിഫ്റ്റ് ഉണ്ടങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ല. ഫാര്‍മസിയില്‍ ആവശ്യമായ മരുന്നു ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ജീവിതശൈലീ രോഗങ്ങള്‍ക്ക് മരുന്നുകള്‍ ലഭിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇന്‍സുലിന്‍ അടക്കം മരുന്നുകള്‍ വാങ്ങാനെത്തുന്നവര്‍ വെറുംകൈയോടെ മടങ്ങുകയാണ്. ഉച്ചകഴിഞ്ഞാൽ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കണം.
ആശുപത്രി വികസന സമിതി നിലവിലുണ്ടെങ്കിലും കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ല. ഉദ്ഘാടന ചടങ്ങുകള്‍ക്കും മറ്റുമാണ് വികസന സമിതി അംഗങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്തിനും താൽപര്യം. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ആശുപത്രിയെ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.