സുരക്ഷ സംവിധാനമില്ല; ദേശീയപാതയിൽ അപകടം തുടർക്കഥ
text_fieldsമുണ്ടക്കയം ഈസ്റ്റ്: കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തിനാലാം മൈലിന് സമീപം അപകടങ്ങൾ നിത്യസംഭവമായി. ഈ ഭാഗത്ത് നിരപ്പായ റോഡിൽ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കാടുകയറി നിൽക്കുന്നതും ബാരിക്കേഡ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുടെ അഭാവവും ഇവിടെ അപകടങ്ങളുടെ എണ്ണം വർധിക്കാനിടയാക്കുന്നു.
കാൽനടക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്നുനിൽക്കുകയാണ്. ഇവിടെ യാത്രക്കാർ റോഡിലൂടെ ഇറങ്ങിനടക്കുന്നത് അപകടങ്ങൾ വർധിപ്പിക്കാൻ ഇടയാകുന്നു. നടപ്പാതയുടെ അഭാവവും റോഡിന്റെ വീതികുറവും അപകടസാധ്യത വർധിപ്പിക്കുകയാണ്. മഴക്കാലത്ത് റോഡിന്റെ ഒരുവശത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
കാൽനട യാത്രക്കാരടക്കം നിരവധിപേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായ അപകടങ്ങളിൽ, സ്കൂൾ വിദ്യാർഥിയടക്കം നിരവധിപേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മുൻകാലങ്ങളിൽ ദേശീയപാതയോരത്തെ കാട് തെളിക്കാൻ അധികൃതർ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ നാലുവർഷമായി ഒരു നടപടിയുമില്ല. മുമ്പ് പെരുവന്താനം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയും കാട് തെളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.