മലയോര മേഖലയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം
text_fieldsമുണ്ടക്കയം: കനത്ത ചൂടില്‍ നാടിനു പ്രതീക്ഷ നല്കി വേനല്‍മഴ പെയ്തിട്ടും മലയോരമേഖലയില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം തുടരുന്നു. മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ നൂറുകണക്കിനു ഗ്രാമങ്ങളില്‍ കുടിനീര് കിട്ടാക്കനിയായിരിക്കുകയാണ്.
ചില മേഖലകളില്‍ പഞ്ചായത്ത് ലോറിയില്‍ വെള്ളംഎത്തിച്ചു നല്‍കുന്നുണ്ടെങ്കിലും പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതെ വലയുകയാണ്. മേഖലയിലെ പ്രധാന ജലസ്രോതസ്സുകളായ മണിമലയാര്‍, പുല്ലകയാര്‍, അഴുതയാര്‍ എന്നിവ വറ്റിവരണ്ടു. തോടുകളില്‍ കുടിവെള്ളത്തിനായി പലയിടത്തും ഓലി നിര്‍മിച്ചു പരീക്ഷിച്ചിട്ടും പ്രയോജനമില്ലാതായി.
മുണ്ടക്കയം പഞ്ചായത്തിലെ സ്രാമ്പി, വെള്ളനാടി, പുഞ്ചവയല്‍, ഇഞ്ചിയാനി, ചെളിക്കുഴി, പറത്താനം, വരിക്കാനി, വണ്ടന്‍പതാല്‍, കരിനിലം, മുപ്പത്തിയൊന്നാംമൈല്‍ അടക്കം നിരവധി പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. മേഖലയില്‍ സര്‍ക്കാറിന്റെ സമഗ്ര കുടിവെള്ള പദ്ധതി വരുമെന്ന പ്രതീക്ഷയാണ് ഭാവിയിലുള്ളത്. എന്നാല്‍, ഈ വേനല്‍ കടന്നുപോകും വരെ എങ്ങനെ മുന്നോട്ടുപോകുമെന്നത് ആശങ്കയിലാണ്.
കൂട്ടിക്കല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടാനാകാതെ ബുദ്ധിമുട്ടിലാണ്. വല്ലീറ്റ, താളുങ്കല്‍, പറത്താനം, തേന്‍പുഴ, കൊടുങ്ങ, പ്ലാപ്പള്ളി, ചാത്തന് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളമില്ലാതെ ജനം വലയുകയാണ്. പുല്ലകയാറിന്റെ വിവിധ ഭാഗങ്ങളില്‍ ഓലി നിര്‍മിച്ചിട്ടുണ്ട്. കൊക്കയാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
കിലോമീറ്ററുകള്‍ താണ്ടിയാണ് വിവിധ പ്രദേശങ്ങളില്‍ വെള്ളം ശേഖരിക്കുന്നത്. പഞ്ചായത്ത് വിവിധ ഭാഗങ്ങളില്‍ ഓലികള്‍ നിര്‍മിച്ചെങ്കിലും ജലക്ഷാമം രൂക്ഷമായ ഭാഗങ്ങളെ അവഗണിച്ചതായും പരാതി ഉയര്‍ന്നു. മേലോരം, പട്ടിക്കുന്ന്, വെംബ്ലി, വടക്കേമല, കനകപുരം, കുറ്റിപ്ലാങ്ങാട്, പ്രദേശങ്ങളില്‍ വെള്ളം കിട്ടാതെ നാട് വെന്തുരുകുകയാണ്. കോരുത്തോട് പഞ്ചായത്തിന്റെ അവസ്ഥയും ഭിന്നമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.