വനാതിർത്തിയിലെ വീടുകളിൽ റെയ്ഡ്, രണ്ട് കള്ളത്തോക്ക് പിടികൂടി; ഒരാൾ അറസ്റ്റിൽ
text_fieldsമുണ്ടക്കയം: ശബരിമല വനാതിർത്തി പ്രദേശമായ കൊമ്പുകുത്തിയിലെ ചില വീടുകളിൽ പൊലീസ് റെയ്ഡിൽ രണ്ട് തോക്ക് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കൊമ്പുകുത്തി ഈട്ടിക്കൽ തങ്കച്ചനെയാണ് (60) അറസ്റ്റ് ചെയ്തത്. മേഖലയിൽ ചിലർ വന്യമൃഗങ്ങളെ വേട്ടയാടുന്നതായും നിരവധി വീടുകളിൽ ലൈസൻസ് ഇല്ലാതെ തോക്ക് സൂക്ഷിക്കുന്നതായുമുള്ള പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിനെത്തുടർന്നാണ് വ്യാഴാഴ്ച പുലർച്ച ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
തങ്കച്ചെൻറ പഴക്കമുള്ള തോക്ക് വിവിധ ഭാഗങ്ങളാക്കി വീടിെൻറ പലയിടത്തായി സൂക്ഷിച്ചിരിക്കുകയായിരുന്നത്രെ. ഇളം പുരയിടത്തിൽ സുരേഷിെൻറ വീട്ടിൽനിന്ന് ഇരട്ടക്കുഴൽ നിറതോക്ക് പിടിച്ചെടുത്തു. പൊലീസിനെ കണ്ട സുരേഷ് വനത്തിലേക്ക് ഓടിമറഞ്ഞതിനാൽ പിടികൂടാനായില്ല.
കൊമ്പുകുത്തി, കണ്ണിമല, കോരുത്തോട് മേഖലകളിൽ നാടൻ തോക്ക് അനധികൃതമായി സൂക്ഷിക്കുന്നതായും മൃഗവേട്ട നടത്തുന്നതായുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്.
കണ്ണിമല, കോരുത്തോട് ഭാഗങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും തോക്കുകൾ കണ്ടെത്താനായില്ല. കൊമ്പുകുത്തി മേഖലയിൽ വ്യാജവാറ്റും വ്യാപകമാണ്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.സി. രാജ് മോഹൻ, സി.ഐ വി.എൻ. സാഗർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.