കോലാഹലമേട് നേര്ച്ചക്കുറ്റി തകര്‍ത്ത് കടത്തിയ സംഭവം; പുനരന്വേഷണത്തിന് ഉത്തരവ്
text_fieldsമുണ്ടക്കയം: ഏന്തയാര്‍ ബദരിയ്യ ജുമാമസ്ജിദ് വക കോലാഹലമേട് നേര്ച്ചക്കുറ്റി തകര്‍ത്ത് വാഹനത്തില്‍ കടത്തിയ സംഭവം പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടതായി ജമാഅത്ത് പ്രസിഡന്റ് പി.വൈ. അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി അഷ്റഫ് ചാന്തയില് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കോലാഹലമേട് തങ്ങള്പാറ ജമാഅത്ത് വക നേര്ച്ചക്കുറ്റി 2019 ഡിസംബര്‍ 18നാണ് ഒരുസംഘം ആളുകള്‍ ചേര്‍ന്ന് തകര്‍ത്ത് വാഹനത്തില്‍ ഏന്തയാറ്റില്‍ എത്തിച്ചത്. ഇത് നാട്ടുകാര്‍ തടയുകയും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏന്തയാര്‍ സ്വദേശികളായ തുണ്ടിയില്‍ അബ്ദുസ്സലാം, പണിക്കവീട്ടില്‍ ഉസ്മാന്, സെയ്തലവി, ഉമര്‍, അബ്ബാസ്, റസാക്ക്, ഉസ്മാന്റെ മകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ഗദ്ദാഫി, കോലാഹലമേട് സ്വദേശി പാല്‍പാണ്ടി എന്നിവര്‍ക്കെതിരെ മുണ്ടക്കയം പൊലീസ് ദുര്‍ബലവകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു.
പിന്നീട് കൈക്കൂലികേസില്‍ അറസ്റ്റിലായ സി.ഐ. ഷിബുകുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. ലക്ഷക്കണക്കിനുരൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ജമാഅത്ത് കമ്മിറ്റിയുടെ ആരോപണം. വാഹനമോടിച്ച പാല്‍പ്പാണ്ടി, നേര്ച്ചക്കുറ്റി കടത്തിയ പിക്അപ് വാന്‍ എന്നിവ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ഇതിനെതിരെയാണ് ജമാഅത്ത് കമ്മിറ്റി കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അഡ്വ. ഷാമോന് ഷാജി മുഖാന്തരം സമീപിച്ചത്. ഇതേതുടര്‍ന്നാണ് ഒക്ടോബര്‍ 30ന് മുമ്പ് റിപ്പോര്‍ട്ട് നല്കാന് കോടതി മുണ്ടക്കയം എസ്.എച്ച്.ഒയോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേസിലെ ഒന്നാംപ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും രണ്ടാംപ്രതിയുടെ ഭാര്യ കോണ്‍ഗ്രസ് നേതാവും കൂട്ടിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു. ഈ സ്വാധീനമുപയോഗിച്ചാണ് കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ചത്. മൂപ്പന്‍മലയിലെ സ്ഥലത്തിന്റെ പട്ടയംവെച്ച് കോലാഹലമേട്ടില്‍ പള്ളിയുടെ വക സ്ഥലത്തിനായി വ്യാജരേഖയുണ്ടാക്കി സ്ഥലം തട്ടിയെടുക്കാനുള്ള നീക്കവും നിയമപരമായി തടഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.
സാമ്പത്തികമായി പിന്നാക്കംനിന്ന ഒരാള്‍ ചുരുങ്ങിയ കാലംകൊണ്ട് കോടീശ്വരനായത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ജമാഅത്ത് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ജോയന്റ് സെക്രട്ടറി ഫിനോഷ് പാറക്കല്‍, വൈസ് പ്രസിഡന്റ് ഷാജഹാന് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.