പുഴകളിലെ മണൽ; ആശങ്കയിൽ മലയോര മേഖല
text_fieldsമുണ്ടക്കയം: പ്രളയം അവശേഷിപ്പിച്ച മണലും മാലിന്യവും പുഴയിൽനിന്ന് നീക്കം ചെയ്യാത്തതിൽ ആശങ്ക. മഴക്കാലത്തിന് മുമ്പ് ഇവ നീക്കം ചെയ്തില്ലെങ്കിൽ വീണ്ടുമൊരു ദുരന്തം ആവർത്തിക്കുമോയെന്ന ഭീതിയിലാണ് പ്രളയബാധിത മേഖലയിലെ ജനങ്ങൾ.
പ്രളയംകഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും മണിമലയാറ്റിലും പുല്ലകയാറ്റിലും കുമിഞ്ഞുകൂടിയ മണലും മാലിന്യവും നീക്കം ചെയ്തിട്ടില്ല. കൈത്തോടുകളിലും പുഴകളിലും കുമിഞ്ഞ മണലും ഒപ്പം പ്രളയത്തിൽ ഒഴുകിയെത്തിയ മരങ്ങളുടെ അവശിഷ്ടം അടക്കം നീക്കംചെയ്യാത്തത് വീണ്ടും ദുരന്തത്തിന് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.
മഴക്കാലം ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രളയത്തിനുപിന്നാലെ ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രളയബാധിത മേഖലയിലെ മണലും മറ്റ് മാലിന്യവും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർ നടപടിയില്ല. കൊക്കയാർ വില്ലേജ് പരിധിയിൽ ഇത് തുടങ്ങിവെച്ചങ്കിലും തുടക്കവും ഒടുക്കവും ഒരുമിച്ചായിരുന്നു.
കൂട്ടിക്കൽ മുതൽ പുല്ലകയാറിന്‍റെ മിക്ക ഭാഗങ്ങളിലും മണൽ മൂടിയ അവസ്ഥയിലാണ്. മണിമലയാറിന്‍റെ പലഭാഗങ്ങളിലും മണൽ നിറഞ്ഞ് മരുഭൂമിക്ക് തുല്യമായ സാഹചര്യവുമുണ്ട്. മണൽ വന്ന് മൂടിയതോടെ മണിമലയാറിനെ ആശ്രയിച്ചിരുന്ന പല കുടിവെള്ള പദ്ധതികളും താളംതെറ്റി.
പ്രാദേശിക ആവശ്യങ്ങൾക്ക് വ്യക്തികൾ മണൽ എടുക്കുന്നത് തടയില്ലെന്ന് അറിയിച്ചെങ്കിലും ഇതും അധികാരകേന്ദ്രങ്ങൾ തടയുന്നതായി പരാതി ഉയരുന്നുണ്ട്. കുമിഞ്ഞുകൂടിയ മണൽ പ്രാദേശിക ഭരണകൂടത്തിന് സഹായത്തോടെ ശേഖരിച്ച് പ്രളയബാധിത മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്ന് വലിയ സാധ്യത മുന്നിലുണ്ടെങ്കിലും ഇതും നടപ്പാക്കുന്നില്ല. വരുന്ന വർഷകാലത്തിനു മുമ്പ് മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ കൂട്ടിക്കൽ, മുണ്ടക്കയം ടൗൺ അടക്കം പ്രളയബാധിത മേഖലയെ കാത്തിരിക്കുന്നത് വീണ്ടും ഒരു ദുരന്തം തന്നെയായിരിക്കുമെന്ന് നാട്ടുകാരും പറയുന്നു.
മണൽ ഉടൻ നീക്കുമെന്ന് എം.എൽ.എ
പുഴകളിലെ മണൽ ഉടൻ നീക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. നിയമതടസ്സത്തിന്റെ പേരിലാണ് മണൽ നീക്കുന്നതിന് കാലതാമസം നേരിടുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിത കേരളം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ എത്രയും വേഗം പുഴകളുടെ ശുചീകരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.