നാനൂറ് രോഗികൾ, ഒരു ഡോക്ടർ; ഇങ്ങനെ പോയാൽ എങ്ങനെ ശരിയാകും?
text_fieldsമുണ്ടക്കയം: സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഇല്ലാതിരുന്നത് രോഗികളെ വലച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ഒ.പിക്ക് മുമ്പിൽ കാത്തുനിന്ന നാനൂറിലേറെ രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ കാത്തുനിന്നവർ പ്രതിഷേധിച്ചു. കാത്തുനിന്ന് മടുത്ത പലരും സമീപത്തെ സ്വകാര്യ ആശുപത്രികളിൽ അഭയംതേടി. അവധിദിനങ്ങളിൽ പ്രഭാത-സായാഹ്ന ഒ.പിയിൽ ഒരു ഡോക്ടർ മാത്രമേ ഉണ്ടാകൂ എന്നതാണ് രീതിയെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഡ്യൂട്ടിയിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ടെങ്കിൽ പോലും നല്ല തിരക്കാണിവിടെ. താലൂക്ക് ആശുപത്രിയായി ഉയർത്തി ഡോക്ടർമാരുടെ കൂടുതൽ തസ്തികകൾ ഏർപ്പെടുത്തും എന്ന പ്രഖ്യാപനത്തിനും തുടർ നടപടികൾ ഒന്നുമായില്ല. നിലവിൽ കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ആശുപത്രിയിൽ താലൂക്ക് ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊക്കെയുണ്ട്. പഴയ കെട്ടിടങ്ങൾക്ക് പകരം ബഹുനില മന്ദിരവും നിർമിച്ചിരുന്നു. എന്നാൽ ഇത് ഉപയോഗപ്പെടുത്താൻ ഇതുവരെ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
ആശുപത്രിയോടുള്ള അനാസ്ഥക്കെതിരെ നിരവധി സംഘടനകൾ സമരം നടത്തിവരികയാണ്. എങ്കിലും അധികൃതർ ഇത് കണ്ടതായി നടിക്കുന്നില്ല. മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ മൂന്ന് ഡോക്ടർമാരുടെ സേവനം മുമ്പ് ലഭിച്ചിരുന്നു. എന്നാൽ ഇന്നത് ലഭ്യമല്ല. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിട്ടും രോഗികളെ നോക്കാതിരിക്കുന്ന ഡോക്ടറുമാരും ഉണ്ടെന്ന് രോഗികൾക്ക് പരാതിയുണ്ട്. ഫാർമസിയിലെ ജീവനക്കാരുടെ കുറവും രോഗികളെ വലക്കുന്നുണ്ട്. അടുത്തയിടെ ആശുപത്രിയിലെ തടികൾ അടക്കമുള്ള സാധനസാമഗ്രികൾ ജീവനക്കാർ കടത്തിക്കൊണ്ടുപോയത് വിവാദമായിരുന്നു. ചർച്ചകൾക്കൊടുവിൽ സാമഗ്രികൾ ആശുപത്രിയിൽ തിരിച്ചെത്തിക്കുകയായിരുന്നു.
ആശുപത്രിയിലെ ക്ലീനിങ് സാമഗ്രികൾ നഴ്സിങ് ജീവനക്കാർ മാറ്റിവെച്ചുവെന്ന പേരിൽ നഴ്സിങ് സ്റ്റാഫും ക്ലീനിങ് സ്റ്റാഫും തമ്മിലുണ്ടായ തർക്കം രണ്ടാഴ്ചയായി തുടരുകയാണ്. ഇതിനിടെയാണ് രോഗികളെ നോക്കാൻ ഡോക്ടർമാരുടെ കുറവും ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.