പട്ടയ വിതരണം; സ്പെഷൽ തഹസിൽദാർ ഓഫിസ് മുണ്ടക്കയത്തേക്ക് മാറ്റുന്നു
text_fieldsമുണ്ടക്കയം: ഹിൽമൻ സെറ്റിൽമെന്റ് പട്ടയവിതരണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് അനുവദിച്ച സ്പെഷൽ തഹസിൽദാർ ഓഫിസ് മുണ്ടക്കയത്തേക്ക് മാറ്റുന്നു. മുണ്ടക്കയം പുത്തൻചന്തയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിലേക്കാണ് ഓഫിസ് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, വൈസ് പ്രസിഡന്റ് ഷീല ഡൊമിനിക്, വാർഡ് അംഗം ഷീബ ദിഫൈൻ, കാഞ്ഞിരപ്പള്ളി തഹസിൽദാർ ആർ. ശ്രീലേഖ, ഡെപ്യൂട്ടി തഹസിൽദാർ ജോജോ തോമസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
എരുമേലി വടക്ക് വില്ലേജ് ഓഫിസിനോട് അനുബന്ധിച്ചായിരുന്നു നിലവിൽ സ്പെഷൽ തഹസിൽദാർ ഓഫിസിന്റെ പ്രവർത്തനം. എന്നാൽ, ഇവിടെ മതിയായ സൗകര്യം ഇല്ലാത്തതിനാലാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഒരു തഹസിൽദാറും രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാരും ആറ് സർവേയർമാരും ഉൾപ്പെടെ 17 പുതിയ തസ്തികകളും സ്പെഷൽ തഹസിൽദാർ ഓഫിസിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.
ഓഫിസ് പ്രവർത്തനം തുടങ്ങുന്നതോടെ പട്ടയ അപേക്ഷ നൽകിയിട്ടുള്ള പതിനായിരത്തോളം ആളുകളുടെ കൈവശ-ഉടമസ്ഥ അവകാശങ്ങൾ പരിശോധിച്ച് സർവേ നടപടി അടക്കം പൂർത്തീകരിച്ച് പരമാവധി ഒരു വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു
പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്ന പുഞ്ചവയൽ, 504 കോളനി, കുഴിമാവ്, കോസടി, മുരിക്കുംവയൽ കരിനിലം, പുലിക്കുന്ന്, കാരിശ്ശേരി, പാക്കാനം, എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നിക്കര പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള കൈവശ കൃഷിക്കാരുടെ നിരന്തര ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എരുമേലി ഗ്രാമപഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴ രാജീവ് ഗാന്ധി കോളനി, ഈരാറ്റുപേട്ട നഗരസഭയിലെ കടുവാമൂഴി കടപ്ലാക്കൽ കോളനി എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇതിനോടകം രണ്ടായിരത്തിലധികം പട്ടയങ്ങൾ കൈവശക്കാർക്ക് നൽകിയതായും എം.എൽ.എ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.