ബൈപാസിന്റെ കൈവരികൾ തകർത്ത് ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ചു
text_fieldsമുണ്ടക്കയം: മുണ്ടക്കയം ബൈപാസിന്റെ കൈവരികൾ തകർത്ത് ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കോൺക്രീറ്റ് തകർത്ത് ഇതിന് മുകളിലെ പൈപ്പുകൾ മോഷ്ടിച്ചത്. ബൈപാസിന്റെ വശങ്ങളിൽ നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണുകളിൽ ഇരുമ്പുകമ്പികളിലാണ് കൈവരികൾ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ 14 ഓളം പൈപ്പുകളാണ് മോഷണംപോയത്.
കിലോമീറ്ററോളം ദൂരത്തിൽ ഇത്തരത്തിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 100 കണക്കിന് ഇരുമ്പ് പൈപ്പുകളാണ് ഇതിനായി ബൈപാസിന്റെ വശങ്ങളിൽ പിടിപ്പിച്ചിരിക്കുന്നത്. ഈ പൈപ്പുകളാണ് സാമൂഹിക വിരുദ്ധർ കവർന്നത്. നാളുകളുടെ കാത്തിരിപ്പിന് ഒടുവിലാണ് ബൈപാസ് യാഥാർഥ്യമായത്. അന്നത്തെ എം.എൽ.എ പി.സി. ജോർജിന്റെ നേതൃത്വത്തിലായിരുന്നു മുണ്ടക്കയം ബൈപാസ് നിർമിച്ചത്. എന്നാൽ, ബൈപാസ് പൂർത്തിയായെങ്കിലും വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നില്ല. ഉദ്ഘാടന വേളയിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ 30 ലക്ഷം രൂപ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് അനുവദിച്ചെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ, ബൈപാസ് പൂർത്തിയായി അഞ്ചുവർഷം പിന്നിട്ടിട്ടും വഴിവിളക്കുകൾ സ്ഥാപിക്കാൻ അധികൃതർക്ക് ആയിട്ടില്ല. ബൈപാസിന്റെ തുടക്കത്തിൽ ജില്ല പഞ്ചായത്ത് അംഗം പി.ആർ. അനുപമയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഹൈമാസ്റ്റ് ലൈറ്റും ആന്റോ ആന്റണി എം.പി അനുവദിച്ച മറ്റൊരു ഹൈമാസ്റ്റ് ലൈറ്റും മാത്രമാണ് വെളിച്ചത്തിനായുള്ളത്.
റോഡിന്റെ ബാക്കിയുള്ള ഭാഗങ്ങൾ രാത്രിയിൽ ഇരുളിന്റെ പിടിയിലമരും. ഇത് മുതലാക്കിയാണ് പൈപ്പ് മോഷണം നടക്കുന്നത്. മറ്റ് സാമൂഹികവിരുദ്ധരുടെ ശല്യവും മേഖലയിൽ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.