വീട് ഭാഗീകമായി തകർന്നു; വയോധികക്കും മകനും ഇത് രണ്ടാം ജന്മം
text_fieldsമുണ്ടക്കയം: ബുധനാഴ്ച വൈകീട്ടത്തെ ശക്തമായ മഴയിൽ വീട് ഭാഗീകമായി തകർന്നു. താമസക്കാരായ ഏലിയാമ്മ വർക്കിക്കും മകനും ഇത് രണ്ടാം ജന്മം. ചെളിക്കുഴി ലക്ഷംവീട് കോളനിയിൽ കോട്ടപറമ്പിൽ ഏലിയാമ്മയുടെ വീടിന്‍റെ മൺകട്ട ബുധനാഴ്ച രാത്രി 12ഓടെ അടർന്ന് മുറിയിലേക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഏലിയാമ്മയുടെ മകൻ തോമസ് ജോർജ് എഴുന്നേൽക്കുകയും അമ്മയുമായി പുറത്തിറങ്ങുകയും ചെയ്ത ഉടൻ ഇവർ കിടന്നുറങ്ങിയ മുറി നിലംപതിച്ചു. തലനാരിഴക്കാണ് അപകടം ഒഴിവായത്. വീടിന്റെ ബാക്കിഭാഗം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
50ഓളം വർഷം പഴക്കമുള്ള വീടുകളാണ് ലക്ഷംവീട് കോളനിയിലുള്ളത്. ഒരുവീട്ടിൽ രണ്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇങ്ങനെ 20ഓളം വീടുകളിൽ 40 കുടുംബങ്ങളാണ് താമസം. ഒട്ടുമിക്ക വീടുകളും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
അടിയന്തരമായി കോളനിയിലെ വീടുകൾ നവീകരിക്കാൻ ആവശ്യമായ നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ, വാർഡംഗം ഷിജി ഷാജി എന്നിവർ ഏലിയാമ്മയുടെ വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.