മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു
text_fieldsമുണ്ടക്കയം: കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ വീട് ഭാഗികമായി തകർന്നു. മുണ്ടക്കയം പഞ്ചായത്ത് അഞ്ചാംവാർഡിലെ കീച്ചൻ പാറയിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും മണ്ണിടിഞ്ഞുവീണ് സമീപത്തെ വീട് ഭാഗികമായി തകർന്നത്. പുതുപ്പറമ്പിൽ ഇബ്രാഹിമിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. മുപ്പത്തിയൊന്നാം മൈൽ സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നുമാണ് മണ്ണിടിഞ്ഞു വീണത്.അശാസ്ത്രീയമായ രീതിയിൽ റോഡ് നിർമിച്ചതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കുത്തിയൊഴുകിയെത്തിയ മണ്ണുംകല്ലും റോഡിലേക്കും സമീപത്തെ വീട്ടിലേക്കും പതിക്കുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻദുരന്തം ഒഴിവായി. വീടിന്റെ അടുക്കളയും ബാത്ത്റൂമും പൂർണ്ണമായും തകർന്നു. റോഡിൽ മണ്ണും ചെളിയും നിറഞ്ഞത് ഗതാഗതവും ദുഷ്കരമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രിയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കംചെയ്തെങ്കിലും തുടർന്നും മഴ പെയ്തതോടെ റോഡ് ചെളി കൂമ്പാരമായി. ഇതിൽ തെന്നി നിരവധി ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടു. കനത്ത മഴപെയ്താൽ വീണ്ടും മണ്ണിടിയുമെന്ന ഭീതിയിലാണ് പ്രദേശത്തെ കുടുംബങ്ങൾ. ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും പൊലീസിലും നാട്ടുകാർ പരാതിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.