കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി; പെരുവന്താനത്ത് പ്രസിഡന്റ് ഇന്ന് രാജിവെക്കും
text_fieldsമുണ്ടക്കയം ഈസ്റ്റ്: പെരുവന്താനത്ത് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി തിങ്കളാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി രാജി സമർപ്പിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ഇവിടെ പാർട്ടി ധാരണ നടപ്പാക്കാൻ വൈകിയത്. 2020ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച ഇവിടെ ആദ്യ രണ്ടരവർഷത്തിന് ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ രാജിവെച്ച് പകരം മറ്റു രണ്ടുപേർക്ക് സ്ഥാനം നൽകാൻ വ്യവസ്ഥ തയാറാക്കിയിരുന്നു. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് രാജിവെക്കാൻ തയാറാകാതിരുന്നതും മറ്റൊരാൾ കൂടി സ്ഥാനം അവകാശപ്പെട്ടതും നേതൃത്വത്തിന് തലവേദനയായി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രം പ്രസിഡന്റ് രാജിവെച്ചാൽ മതിയെന്ന ഡി.സി.സിയുടെ നിർദേശം മൂലമാണ് ഡൊമിനയുടെ രാജി വൈകിയത്.
വൈസ് പ്രസിഡന്റിന്റെ രാജി വിഷയം ചർച്ചചെയ്ത് പരിഹരിക്കുന്നതിന് ഡി.സി.സി ഭാരവാഹികളെ ചുമതലപ്പെടുത്തിയങ്കിലും വിഷയത്തെച്ചൊല്ലി പെരുവന്താനത്ത് കോൺഗ്രസിൽ ഭിന്നത ശക്തമാക്കിയിരുന്നു. നേതാക്കളടക്കം ഒരുവിഭാഗം പാർട്ടി പ്രവർത്തനം ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു. പ്രശ്നപരിഹാരത്തിനെത്തിയ ഡി.സി.സി നേതാക്കളും പക്ഷം ചേർന്നതായും ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് രാജിവെക്കുകയും പുതിയ പ്രസിഡന്റായി ബൈജു സ്ഥാനമേൽക്കുകയും ചെയ്തു. ഇതേതുടർന്നാണ് പ്രസിഡന്റ് ഡൊമിന സ്ഥാനം ഒഴിയുന്നത്. നിജിനി ഷംസുദ്ദീനെ പ്രസിഡന്റാക്കാനാണ് പാർട്ടി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.