വാട്സ്ആപ് കൂട്ടായ്മ കൈകോർത്തു; ഹമീദിനും ശോശാമ്മക്കും വീടിന്റെ തണൽ
text_fieldsമുണ്ടക്കയം: അധികാരികൾ അവഗണിച്ചപ്പോൾ വാട്സ്ആപ് കൂട്ടായ്മ കൈകോർത്തു; ഹമീദിനും ശോശാമ്മക്കും വീട് യാഥാർഥ്യമായി. ചിറ്റടി കൊച്ചുമഠത്തിൽ ഹമീദ്കുട്ടിക്കും ഭാര്യ ശോശാമ്മക്കും ഭീതികൂടാതെ കെട്ടുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്കൂളിലെ 1989-90ലെ എസ്.എസ്.എൽ.സി പഠിതാക്കളുടെ വാട്സ്ആപ് ഗ്രൂപ് കൂട്ടായ്മയാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് വീടിന്റെ പണി പൂർത്തീകരിച്ച് കൈമാറിയത്.
മുണ്ടക്കയം വെള്ളനാടി ആറ്റുപുറമ്പോക്കിൽ താമസിച്ചിരുന്ന ഇവരുടെ വീടും വീട്ടുപകരണങ്ങളും 2021ലെ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. ഇതോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ ഇവർ പിന്നീട് ബന്ധുവീടുകളിലായി താമസം. ഇതിനിടെ സർക്കാർ പ്രളയസഹായമായി അനുവദിച്ച തുകയിൽ ആറുലക്ഷം മുടക്കി ഇവർ സ്ഥലം വാങ്ങി. വീട് നിർമിക്കാൻ നാലുലക്ഷം അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും മുഴുവൻ തുകയും നൽകിയില്ല. ഇതോടെ വീട് നിർമാണം പാതിവഴിയിൽ നിലച്ചു. മറ്റ് മാർഗങ്ങൾ ഇല്ലാതെവന്നതോടെ പാതിപൂർത്തിയായ വീട്ടിൽ ഈ വയോദമ്പതികൾ താമസം തുടങ്ങി.
അടച്ചുറപ്പില്ലാത്തതും പ്രാഥമിക ആവശ്യത്തിന് സൗകര്യവുമില്ലാത്ത വീട്ടിൽ താമസം തുടങ്ങിയ ഇവരുടെ ദയനീയവസ്ഥ ‘മാധ്യമം’ പുറംലോകത്തെ അറിയിച്ചു. വാർത്ത ശ്രദ്ധയിൽപെട്ട വാട്സ്ആപ് കൂട്ടായ്മ ഇവർക്ക് കൈത്താങ്ങാവുകയായിരുന്നു.
കൂട്ടായ്മ ലീഡറും പ്രവാസിയുമായ സുബി ഡൊമിനിക് കാലാപറമ്പിൽ നേതൃത്വം നൽകി അവശേഷിച്ച നിർമാണജോലികൾ ഒരുമാസത്തിനുള്ളിൽ പൂർത്തീകരിച്ചു. സി.പി.എം പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ. ബാലനായിരുന്നു നിർമാണച്ചുമതല. സജിലാൽ മാമ്മൂട്ടിൽ, ബിജു, സന്ദീപ്, സോണി വർഗീസ്, സിബി മണ്ണൂർ തുടങ്ങിയവർ പെയിൻറ്റിങ്ങിനും മറ്റും നേതൃത്വം നൽകി. കട്ടിലും കസേരകളും നാട്ടുകാർ വാങ്ങിനൽകി. കൂട്ടായ്മ പ്രവർത്തകർ വീട്ടുവളപ്പിൽ തെങ്ങ്, പ്ലാവ്, മറ്റ് കാർഷിക വിളകൾ എന്നിവ നട്ടുനൽകി.
ശൗചാലയം നിർമിച്ചുനൽകിയതിനൊപ്പം രണ്ടുമുറിയും ഹാളും അടുക്കളയും സൗകര്യ പ്രദമാക്കുകയും ചെയ്തു. ഞായറാഴ്ച സിബി ഡൊമിനിക് കാലാപറമ്പിൽ വീടിന്റെ താക്കോൽ കൈമാറി. സജി ലാൽ അധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്തംഗം ഡയസ് കോക്കാട്, അജു പനയ്ക്കൽ, പി.കെ. ബാലൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.