മോൻസി-കീരി ഭായി ഭായി
text_fieldsമുണ്ടക്കയം: മോൻസിയും കീരിയും ഇണപിരിയാത്ത സുഹൃത്തുക്കളായിക്കഴിഞ്ഞു. മണിയാ എന്ന് നീട്ടിവിളിച്ചാൽ അവൻ ഓടിയെത്തും. നിരവധി കീരികളെ കണ്ടിട്ടുണ്ടെങ്കിലും ഒന്ന് തൊട്ടുതഴുകാൻ കഴിയുന്നത് മോൻസിയുടെ മണിയനെ മാത്രമാണെന്ന് നാട്ടുകാരും പറയുന്നു. മുണ്ടക്കയം നെന്മേനി തടത്തിപ്ലാവില് മോന്‍സിയുടെ വീട്ടിലാണ് അപൂർവ സൗഹൃദത്തിന്റെ കഥ വിരിയുന്നത്. സംഭവം കേട്ടറിഞ്ഞ് നാടിന്റെ നാനാ ഭാഗങ്ങളിൽനിന്നും പലരും ഇവിടേക്കെത്തുന്നുണ്ട്.
ഒരുവര്‍ഷം മുമ്പാണ് മോന്‍സിയുടെ പുരയിടത്തില്‍ കുഞ്ഞുകീരിയെ കണ്ടത്. കൗതുകം തോന്നി വെച്ചുനീട്ടിയ വാഴപ്പഴം കഴിച്ചതോടെ മോന്‍സി അത് പതിവാക്കി.
ഇതോടെ കീരി കൂട്ടുകാരനായി. അവന് മണിയന് എന്ന് പേരും നല്കി. ഇപ്പോൾ ‘മണിയാ’ എന്ന് നീട്ടിവിളിച്ചാല്‍ കീരി ഓടിയെത്തും. പുരയിടത്തിലൂടെ സഞ്ചരിക്കുന്ന മണിയന്റെ ഉറക്കവും പരിസരത്തുതന്നെ. മുട്ടയും ചിക്കനും പഴങ്ങളും എല്ലാം ഇഷ്ടവിഭവങ്ങളാണ്. വയറുനിറയെ പ്രഭാതഭക്ഷണം കഴിഞ്ഞാല്‍ സമീപത്തെ പുരയിടത്തിലേക്ക് കയറും.
മോന്‍സിയുടെ കുടുംബാംഗങ്ങളും മണിയന് സുപരിചിതരാണ്. മോന്‍സിയുടെ വീട്ടില്‍ ആരുവന്നാലും മണിയന് അവരോടെല്ലാം സൗഹൃദത്തിലാവും. വഴിയോരങ്ങളില്‍ കീരിയെ കാണാറുണ്ടങ്കിലും തൊടാനും തഴുകാനും കഴിയുന്നത് മണിയനെയാണെന്ന് അയല്‍വാസികളും പറയുന്നു. തടത്തിപ്ലാവ് വീട്ടില്‍ മണിയനെക്കൂടാതെ അലങ്കാരമത്സ്യങ്ങളും വളര്‍ത്തുപക്ഷികളും ധാരാളമുണ്ട്. എങ്കിലും മണിയന്റെ കൂട്ടിന് പകരം മറ്റൊന്നുമില്ലെന്ന് മോന്‍സി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.