'പനിക്കിടക്ക'യിൽ മലയോര മേഖല
text_fieldsമുണ്ടക്കയം: ദിവസേന ആയിരക്കണക്കിന് രോഗികൾ എത്തുന്ന മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രം. മൂന്നു സ്ഥിരം ഡോക്ടർമാരും രണ്ട് താൽക്കാലിക ഡോക്ടർമാരുമാണുള്ളത്. ഇതിൽ ഒരു ഡോക്ടർക്ക് ഉച്ചക്കുശേഷമുള്ള ഒ.പിയിലാണ് ഡ്യൂട്ടി. ശനിയാഴ്ച ആശുപത്രിയിൽ ഡ്യൂട്ടിക്കുണ്ടായിരുന്നത് ആകെ ഒരു ഡോക്ടറാണ്. നിലവിൽ ആശുപത്രി സൂപ്രണ്ട് അടക്കം രണ്ട് ഡോക്ടർമാർ പനിബാധിച്ച് ചികിത്സയിലാണെന്നാണ് ആശുപത്രി അധികാരികൾ അറിയിച്ചത്. 800ഓളം രോഗികളാണ് ശനിയാഴ്ച മാത്രം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
ഇത്രയുമധികം രോഗികളെ ഒരു ഡോക്ടർ എങ്ങനെ ചികിത്സിക്കുമെന്ന ചോദ്യം ഉയരുമ്പോഴും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കാൻ തയാറാകുന്നില്ല. കോവിഡ് ബാധിതയായി ചികിത്സ കഴിഞ്ഞെത്തിയ ഒരു ഡോക്ടർ മാത്രം രോഗികളെ ചികിത്സിക്കേണ്ട സാഹചര്യമായിരുന്നു. ശനിയാഴ്ച രാവിലെ ഏഴുമുതൽ ആശുപത്രിയിൽ വരിനിന്നവർക്ക് ഉച്ചക്ക് ഒരു മണിയോടെയാണ് ഡോക്ടറെ കാണാനായത്. പ്രായമായവരും കുട്ടികളും അടക്കമുള്ള രോഗികളുടെ നീണ്ട നിരയായിരുന്നു. മൂന്നോളം സ്ത്രീകൾ തളർന്നുവീണു. നിരവധി കുട്ടികൾ ഛർദിച്ച് അവശരായി.
മേയ് മുതൽ നാലുമാസത്തേക്ക് ബ്ലോക്ക് പഞ്ചായത്ത്, ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നത് പതിവായിരുന്നു. എന്നാൽ, ഇത്തവണ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഇതിന് തയാറായിട്ടില്ല. വർഷങ്ങൾക്കുമുമ്പ് കോടികൾ മുടക്കി ബഹുനില മന്ദിരം നിർമിച്ചതൊഴിച്ചാൽ ആശുപത്രിയെ അധികാരികൾ കൈവിട്ട മട്ടാണ്.
ഉദ്ഘാടന വേളയിൽ സാമൂഹികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തുമെന്ന് വാഗ്ദാനം നൽകിയെങ്കിലും കുടുംബാരോഗ്യ കേന്ദ്രമായി തരംതാഴ്ത്തുകയാണ് പിന്നീടുണ്ടായത്. ഇതോടെ ഇവിടെ നിയമിക്കേണ്ട ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണവും കുറഞ്ഞു. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ തന്നെ സാരമായി ബാധിച്ചു. ഇപ്പോൾ ഹെൽത്ത് സെന്ററിന് സമാനമായ പ്രവർത്തനമാണ്. സമീപത്തെ ഹെൽത്ത് സെന്ററുകളിൽ പോലും ഇതിൽ കൂടുതൽ സേവനം ലഭിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.