ടി.ആർ ആൻഡ് ടീ എസ്റ്റേറ്റിൽ പശുക്കളെ കൊന്നത് കടുവതന്നെ ;കൂട് സ്ഥാപിച്ച് വനപാലകർ
text_fieldsമുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി.ആർ ആൻഡ് ടീ എസ്റ്റേറ്റിൽ ചെന്നാപ്പാറ ഡിവിഷൻ ഭാഗത്ത് ബുധനാഴ്ച രാത്രി പശുവിനെ ആക്രമിച്ചു കൊന്നത് കടുവയെന്ന് വനം വകുപ്പ്. എരുമേലി റേഞ്ച് ഓഫിസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് പശുവിനെ ആക്രമിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. കാമറയും മറ്റു സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയിലും കടുവയുടെ ദൃശ്യങ്ങളും കാൽപാടുകളും കണ്ടെത്തിയിരുന്നു.
ടി.ആർ ആൻഡ് ടീ തോട്ടത്തിൽ ഒരുവർഷമായി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പൂച്ചപ്പുലിയാണെന്നായിരുന്നു ഇതുവരെ വനപാലകരുടെ വാദം. കടുവയെന്ന് സ്ഥിരീകരണം ഉണ്ടായതോടെ മേഖല ഭീതിയിലായി. കഴിഞ്ഞ ഒരാഴ്ചക്കിടെ 100 കിലോ വരുന്ന മൂന്ന് പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. കഴിഞ്ഞ ദിവസം ടാപ്പിങ്ങിനിടെ കടുവയുടെ അലർച്ചകേട്ട് തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം വനം വകുപ്പിനെയും തോട്ടം അധികൃതരെയും അറിയിച്ചെങ്കിലും പൂച്ചപ്പുലിയിൽ ഒതുക്കി പരിഹസിക്കുകയായിരുന്നു. ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകർ പ്രതിഷേധിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തിട്ടും പ്രയോജനമുണ്ടായില്ല. ഇതിനിടയാണ് വീണ്ടും വളർത്തുമൃഗം ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി തോട്ടത്തിൽ കടുവയുടെ ആക്രമണം പതിവാണ്.
60ൽ അധികം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. എസ്റ്റേറ്റിലെ ഇ.ഡി.കെ, ചെന്നാപ്പാറ ഡിവിഷനുകളിലാണ് കടുവയുടെ സാന്നിധ്യം ഉള്ളത്. തേക്കടിയിൽനിന്നു കൊണ്ടുവന്ന ഇരുമ്പുകൂട് സ്ഥാപിച്ചു മേഖലയിൽ പട്രോളിങ് നടത്തുകയാണ് വനപാലകർ. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഗിരീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ രാജൻ, സുബിൻ രാജ്, ഫോറസ്റ്റ് വാച്ചർമാരായ ഉദയൻ, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.