കൂടും കാത്തിരിപ്പും വെറുതെ; കൂട്ടിൽ കുടുങ്ങാതെ കടുവ
text_fieldsമുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടി.ആർ. ആൻഡ്. ടി എസ്റ്റേറ്റിലെ ചെന്നാപ്പാറയിൽ വളർത്തുമൃഗത്തെ ആക്രമിച്ചത് കടുവയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ മേഖലയിൽ കൂടൊരുക്കി വനംവകുപ്പ് കാത്തിരുന്നിട്ടും ഫലമില്ല. കടുവ വീണ്ടും ഉൾക്കാട്ടിലേക്ക് കയറിപ്പോയെന്നാണ് വനംവകുപ്പ് പറയുന്നത്. എസ്റ്റേറ്റിലെ ഇ.ഡി.കെ ഡിവിഷനിലും ചെന്നാപ്പാറയിലുമാണ് വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ച് കൊന്നത്.
ആദ്യമൊക്കെ കാട്ടുപൂച്ചയെന്ന് വനംവകുപ്പ് പറഞ്ഞിരുന്നെങ്കിലും കടുവയാണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചു. ഇതോടെ എസ്റ്റേറ്റിലെ തൊഴിലാളികൾ ഭീതിയിലാണ്. വിവിധ ലയങ്ങളിലായി 500ൽ അധികം തൊഴിലാളികളാണ് മേഖലയിൽ താമസിക്കുന്നത്. ഇതുവരെ 60ൽഅധികം വളർത്തു മൃഗങ്ങളെയാണ് കാടിറങ്ങിയ വന്യജീവി കൊന്നത്. എസ്റ്റേറ്റിന്റെ അതിർത്തിപങ്കിടുന്ന മേഖല കാടിന് സമാനമായ നിലയിലാണിപ്പോൾ. കടുവയെന്ന് സ്ഥിരീകരണം വന്നതോടെ ടാപ്പിങ്ങിന് പോകാൻ തൊഴിലാളികൾ മടിക്കുകയാണ്. അതിർത്തിമേഖല വെട്ടിത്തെളിച്ച് വൈദ്യുതവേലി സ്ഥാപിച്ചാൽ മാത്രമേ കടുവ അടക്കമുള്ള വന്യജീവികൾ കാടിറങ്ങുന്നത് തടയാനാകൂ. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് എസ്റ്റേറ്റ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.