അച്യുതാനന്ദന് നാളെ 100 വയസ്സ്; തെറ്റ് തിരുത്താതെ കോരുത്തോട് ഗ്രാമപഞ്ചായത്ത്
text_fieldsമുണ്ടക്കയം: വി.എസ്. അച്യുതാനന്ദന് വെള്ളിയാഴ്ച 100 തികയുമ്പോഴും തെറ്റ് തിരുത്താതെ കോരുത്തോട് ഗ്രാമപഞ്ചായത്ത്. ഫലകത്തിലിപ്പോഴും പേര് തെറ്റായി. കോരുത്തോട് പഞ്ചായത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചെങ്കിലും 18 വര്‍ഷം മുമ്പുണ്ടായ അക്ഷരത്തെറ്റ് തിരുത്താന്‍ തയാറായിട്ടില്ല.
2005 ഡിസംബര്‍ ആറിനാണ് കോരുത്തോട് ഗ്രാമപഞ്ചായത്ത് കാര്യാലയം ഉദ്ഘാടനം ചെയ്യാന്‍ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കോരുത്തോട് എത്തിയത്. സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് പഞ്ചായത്ത് സമിതിയാണ് അദ്ദേഹത്തെ പങ്കെടുപ്പിച്ചത്. ഉദ്ഘാടന പരിപാടിയുടെ ശിലാഫലകം അനാച്ഛാദനവും പ്രതിപക്ഷ നേതാവ് നിര്‍വഹിക്കുന്നതിനിടയിലാണ് ഫലകത്തില്‍ തന്റെ പേര് തെറ്റായി ചേര്‍ത്തിരുന്നത് ശ്രദ്ധയില്‍പെട്ടത്. ‘അച്ചുതണ്ടൻ’ എന്നാണ് ഇതിൽ തെറ്റായി പേര് രേഖപ്പെടുത്തിയിരുന്നത്.
തെറ്റ് ബോധ്യപ്പെട്ട നേതാക്കള്‍ സ്ഥാപിച്ച ഫലകം നീക്കാമെന്നും പുതിയത് സ്ഥാപിക്കാമെന്നും തീരുമാനമെടുത്തെങ്കിലും വര്‍ഷം 18 കഴിയുമ്പോഴും ‘അച്ചുതണ്ടന്’ എന്ന് രേഖപ്പെടുത്തിയ ഫലകം കോരുത്തോട് പഞ്ചായത്തില്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ്. പുതുതായി രൂപംകൊണ്ട ഗ്രാമപഞ്ചായത്തില്‍ രണ്ടു ടേമുകളിലായി 10 വര്‍ഷം സി.പി.എമ്മും അഞ്ചുവര്‍ഷം കോണ്‍ഗ്രസും ഭരണം നടത്തി. ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. 100 വയസ്സ് പൂര്‍ത്തീകരിക്കുന്ന വി.എസിനെ നാട് ആദരിക്കുമ്പോഴാണ് മലയോരനാട്ടില്‍ അദ്ദേഹത്തെ അവഹേളിക്കുന്ന ഫലകം നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.