മണിമലയാറ്റിൽ ജലനിരപ്പുയർന്നു: ചെക്ക്ഡാം തുറക്കാതെ അധികൃതർ
text_fieldsമുണ്ടക്കയം: മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നിട്ടും വെള്ളനാടിയിൽ സ്ഥാപിച്ചിരിക്കുന്ന ഷട്ടറുകൾ തുറക്കുവാൻ നടപടിയില്ലാത്തത് മേഖലയിൽ അപകടഭീഷണി ഉയർത്തുന്നു. വേനൽക്കാലത്ത് ജലം സംഭരിക്കാൻ സ്ഥാപിച്ച ഷട്ടറുകളാണ് മഴക്കാലമായിട്ടും തുറക്കാത്തത്. ഇതുമൂലം കോസ്വേ ജങ്ഷൻ മുതൽ വെള്ളനാടി ചെക്ക് ഡാം വരെയുള്ള അരക്കിലോമീറ്ററോളം ദൂരത്തിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്. ഒരു മഴപെയ്താൽ പോലും കോസ്വേക്ക് സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലും മുപ്പത്തിനാലാം മൈൽ-എരുമേലി റോഡിലും വെള്ളം ഇരച്ചുകയറും.
ചെക്ക്ഡാമിന്റെ ഷട്ടറുകൾ അടഞ്ഞുകിടക്കുന്നത് മാലിന്യവും മണലും വന്നടിയാനും കാരണമാകുന്നു. മണൽ അടിഞ്ഞ് സംരക്ഷണശേഷിയുടെ പകുതിഭാഗം നിറഞ്ഞ അവസ്ഥയിലാണ്. ചെറിയ മഴയത്തുപോലും ഇത് മണിമലയാറ്റിൽ ജലനിരപ്പ് ഉയരുവാൻ കാരണമാകും. മുൻ വർഷങ്ങളിൽ മഴക്കാലം ആരംഭിക്കുമ്പോൾ തന്നെ ചെക്ക് ഡാമിന്റെ ഷട്ടറുകൾ നീക്കി ജലനിരപ്പ് താഴ്ത്താറുണ്ട്. പരിസരപ്രദേശത്തെ വീടുകളിൽ വെള്ളം കയറുമെന്നതിനാൽ അടിയന്തര നടപടിക്കായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.