മുണ്ടക്കയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം; വൈദ്യുതി നിലച്ചു
text_fieldsമുണ്ടക്കയം: മുണ്ടക്കയം മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആഞ്ഞു വീശിയ കാറ്റിലാണ് നാശംവിതച്ചത്. മുണ്ടക്കയം സ്രാമ്പി പാറക്കൽ പി.സി കുഞ്ഞുമോന്റെ വീടിനു മുകളിൽ മരം ഒടിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചു.
വീട്ടിൽ ഉണ്ടായിരുന്ന കുഞ്ഞുമോന്റെ ഭാര്യ തങ്കമ്മക്കും നിസാരപരിക്കേറ്റു. കുട്ടികളടക്കം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന് സമീപം നിന്ന പ്ലാവിന്റെ ശിഖരം ഒടിഞ്ഞ് വീടിനുമേൽ പതിക്കുകയായിരുന്നു. വീട് പൂർണമായും തകർന്നു. ചിറ്റടി എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ നിരവധി റബ്ബർമരങ്ങൾ കടപുഴകി. 31-ാം മൈൽ - ഇഞ്ചിയാനി റോഡിലും ഗതാഗതം തടസ്സപ്പെട്ടു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മരങ്ങൾ വെട്ടിമാറ്റിയത്. നിരവധി കൃഷിയിടങ്ങളിലെ വാഴ, കപ്പ എന്നിവയും കാറ്റിൽ നശിച്ചിട്ടുണ്ട്. മുണ്ടക്കയം സ്രാമ്പി ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണ് മേഖലയിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ചെറുമല അമ്പലക്കുളത്തിന് സമീപം നിന്നിരുന്ന 100 വർഷത്തിൽ അധികം പഴക്കമുള്ള ആൽമരം കടപുഴകി വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.