പഠിപ്പിക്കാതെ കാട്ടാനക്കൂട്ടം, പഠനം നിര്‍ത്തി വിദ്യാര്‍ഥികള്‍
text_fieldsമുണ്ടക്കയം: പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സ്കൂള്‍ വളപ്പിന് സമീപമെത്തിയ ആനക്കൂട്ടം പിന്തിരിയാന് തയാറാകാതെ വന്നതോടെ പഠനം നിര്‍ത്തിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് ടി.ആര്.ആന്റ് ടി തോട്ടത്തിലെ മാട്ടുപെട്ടി സ്കൂള്‍ അധികൃതര്‍. ഒന്നരവര്‍ഷമായി തോട്ടത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കറങ്ങി ജനജീവിതത്തിന് ഭീഷണിയായ കാട്ടാനക്കൂട്ടം, മാട്ടുപ്പെട്ടി സ്കൂളിന് സമീപം എത്തിയതോടെ ഭീതിയിലാണ് നാട്ടുകാരും അധ്യാപകരും വിദ്യാര്‍ഥികളും. മുമ്പ് 24 കാട്ടാനകളാണ് തമ്പടിച്ചിരുന്നതെങ്കില്‍ ഇന്നത് 36 ആയി. തോട്ടത്തിലെ മിക്ക ഡിവിഷനിലും ആനകളെത്തി തൊഴിലാളികള്‍ക്ക് നേരേ ആക്രമണസ്വഭാവം കാട്ടിയിരുന്നു. ഇപ്പോള്‍ സ്കൂള്‍ പരിസര മേഖലയിലെത്തിയതോടെ പഠനം നിര്‍ത്തുകയല്ലാതെ വേറെ മാർഗമില്ലെന്നു മനസ്സിലാക്കിയ അധികാരികള്‍ സ്കൂളിന് അവധി നല്‍കിയാണ് കുട്ടികളെ സംരക്ഷിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ക്ക് മനസ്സുറച്ച് കുട്ടികളെ വീട്ടിലിരുത്താനും ഭയമാണ്. ആനക്കൂട്ടം പാഞ്ഞുനടക്കുന്നതിനാല് ഭീതി വിട്ടൊഴിയാനാവാത്ത അവസ്ഥിലാണ് അവർ.
സ്കൂളിന് സമീപമെത്തിയ ആനക്കൂട്ടം സ്കൂളിലേക്ക് കുടിവെള്ളം വരുന്ന പൈപ്പ് ലൈന്‍ അടക്കം നശിപ്പിച്ചു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പുലര്‍ച്ചെ ആനയെ സമീപത്തെ കാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും തിരികെവരുമെന്ന ഭയത്താല്‍ കുട്ടികളില്‍ ഭൂരിഭാഗവും സ്കൂളില്‍ എത്തുന്നില്ല. 16 കുട്ടികള്‍ പഠിക്കുന്ന എസ്റ്റേറ്റ് സ്കൂളില്‍ പകുതിയില്‍ താഴെ കുട്ടികള്‍ മാത്രമാണ് തിങ്കളാഴ്ച ഹാജരായത്. കാട്ടാനക്കൂട്ടത്തിന്റെ ശല്യംമൂലം വിദ്യാര്‍ഥികളുടെ പഠനംവരെ മുടങ്ങുന്ന സാഹചര്യമാണെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.