കട്ടക്കലിപ്പിൽ കാട്ടാനക്കൂട്ടം; ഭീതിയോടെ സ്കൂൾ വിദ്യാർഥികൾ
text_fieldsമുണ്ടക്കയം: കാട്ടാന ആക്രമണ ഭീതിയിൽ കൊമ്പുകുത്തി സർക്കാർ ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികൾ. ജില്ലയിലെ ഏക ട്രൈബൽ സ്കൂൾ ആയ കൊമ്പുകുത്തി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളാണ് കാട്ടാനകളെ പേടിച്ച് വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയിലായത്.
എസ്റ്റേറ്റ് തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങൾ വസിക്കുന്ന കൊമ്പുകുത്തി, ചെന്നാപ്പാറ, മതമ്പ, ടി.ആർ ആൻഡ് ടി എസ്റ്റേറ്റ് മേഖലയിലെ വിദ്യാർഥികളുടെ ആശ്രയമാണ് ഈ സ്കൂൾ.
റോഡുകളുടെ ശോച്യാവസ്ഥ കാരണം പൊതു ഗതാഗതം കുറവുള്ള മേഖലയിൽ വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ തന്നെയാണ് ടാക്സി വാഹനങ്ങൾ ഏർപെടുത്തിയത്. കഴിഞ്ഞദിവസം വിദ്യാർഥികളുമായി പോയ ജീപ്പിനു നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വിദ്യാർഥികൾ നിലവിളിച്ചതോടെ ആന വഴിമാറി പോവുകയായിരുന്നു. ജീപ്പിൽ പത്തോളം വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. കാൽനടയായി സഞ്ചരിക്കുന്ന വിദ്യാർഥികൾ കാട്ടാനക്കൂട്ടം ഏത് നിമിഷവും മുന്നിൽ എത്തുമെന്ന ഭീതിയോടെയാണ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്. പല ദിവസവും ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെടുന്നത്.
ഒന്ന് മുതൽ 10 വരെ ക്ലാസുകളിലായി 125 ഓളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. കുട്ടികൾ സ്കൂളിൽ നിന്ന് തിരിച്ചെത്തുന്നതു വരെ മാതാപിതാക്കളും അധ്യാപകരും ഭീതിയിലാണ്. കാട്ടാന ശല്യത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും സ്കൂൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്. കാട്ടാന ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.