കൊമ്പുകുത്തിയിൽ വീണ്ടും കാട്ടാന ശല്യം; കർഷകർ ദുരിതത്തിൽ
text_fieldsമുണ്ടക്കയം: കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി മേഖലയിൽ കാട്ടാന ശല്യം വീണ്ടും. സർക്കാർ സ്കൂളിന് സമീപം രണ്ട് മലകളിലാണ് ഒറ്റയാനും മൂന്നാനകൾ കൂട്ടത്തോടെയും ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്.
കൃഷി നാശം പതിവായതോടെ കർഷകർ ദുരിതത്തിലാണ്. സ്കൂളിന് സമീപം 200 മീറ്റർ അകലെവരെ ആനകൾ എത്തി. വാഴ, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിച്ചവയിൽ ഏറെയും. വീടുകളുടെ മുറ്റത്തുവരെ ആന എത്തുന്നത് പതിവായി. കാട്ടുപന്നി ശല്യത്തിന് പുറമെയാണ് ആനകളും ഉറക്കം കെടുത്തുന്നത്. കൊച്ചേരി വിനോദ്, ആലക്കൽ വിദ്യാധരൻ, കല്ലുക്കുന്നേൽ സുശീലൻ, തോപ്പിൽ സുരേഷ്, ഷാജി വാലുപറമ്പിൽ, കൊച്ചുപുരക്കൽ പത്മനാഭവൻ, ഇഞ്ചപ്ലാക്കൽ ഗംഗാധരൻ, വേലംപറമ്പിൽ സുകുമാരൻ, കൊച്ചുപുരക്കൽ മോഹനൻ, പുത്തൻപുരക്കൽ സലിയൻ തുടങ്ങിയവരുടെ പുരയിടങ്ങളിൽ വ്യാപകമായ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ നിർമിച്ച കയ്യാലകൾ പലതും ആന തകർത്തു. രണ്ട് ദിവസം മുമ്പ് ആന പുത്തൻപുരക്കൽ മനോജിന്റെ വീടിനു തൊട്ടടുത്തെത്തി. അടച്ചുറപ്പുള്ള വീട് ഇല്ലാത്തതിനാൽ മൂന്ന് ചെറിയ കുട്ടികളുമായി പടുതയും പ്ലാസ്റ്റിക്കും മറച്ച കുടിലിലാണ് ഇവർ കഴിയുന്നത്. ഇതിന് സമീപം വരെ ആന എത്തിയതോടെ പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. നാലു വർഷമായി ഷെഡിലാണ് ഇവർ കഴിയുന്നത്.
ആനയുടെ ആക്രമണമുള്ള ഈസ്ഥലത്ത് വീടിനായി ഇവർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ലൈഫ് പദ്ധതിയിൽപോലും വീട് ലഭിച്ചിട്ടില്ല. ഇതേ രീതിയിൽ വീടില്ലാതെ കഴിയുന്ന നിരവധി ആളുകൾ അതിർത്തി മേഖലയിലുണ്ട്. തെങ്ങ് കൃഷിയാണ് വ്യാപകമായി ആന നശിപ്പിക്കുന്നത്. കല്ലുക്കുന്നേൽ സുശീലന്റെ 200 തെങ്ങുകളിൽ പകുതിയോളം ആനകൾ നശിപ്പിച്ചു.
ആനകൾ ആക്രമിക്കാതിരിക്കാൻ ഉപയോഗ ശൂന്യമായ ട്യൂബ് ബൾബുകൾ തെങ്ങിൽ കെട്ടി നിർത്തിയിരിക്കുകയാണ്. വനം അതിർത്തിയിൽ സോളാർ വേലി ഉണ്ടെങ്കിലും ബാറ്ററി ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമാണ്.
നാട്ടുകാർ ചേർന്ന് രണ്ടിടങ്ങളിൽ ബാറ്ററി വാങ്ങി വെച്ചെങ്കിലും വേലികൾ ആന ചവിട്ടി കളഞ്ഞ നിലയിലാണ്. ആനകൾ ജനവാസ മേഖലയിൽ എത്താതിരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.