സ്കൂൾ വളപ്പിൽ കാട്ടാന; വിദ്യാർഥികൾ ഭീതിയിൽ
text_fieldsമുണ്ടക്കയം: സ്കൂൾ വളപ്പിലെത്തിയ കാട്ടാനക്കൂട്ടം കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കണ്ണിമല സെന്റ് ജെയിംസ് യു.പി സ്കൂളിന്റെ പരിസരത്താണ് കാട്ടാനക്കൂട്ടം എത്തി വ്യാപകനാശനഷ്ടം വിതച്ചത്. സ്കൂളിനോട് ചേർന്ന് വിദ്യാർഥികൾ നട്ടുപിടിപ്പിച്ച പച്ചക്കറിതോട്ടവും, വാഴ, കപ്പ, തെങ്ങ് അടക്കമുള്ള കൃഷികളും പൂർണമായി നശിപ്പിച്ചു.
കൂടാതെ സമീപത്തെ കന്യാസ്ത്രീ മഠത്തിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചിരുന്ന കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചയാണ് കുട്ടിയാന അടക്കം ഒമ്പതോളം ആനകൾ കൂട്ടമായി എത്തിയത്. സ്കൂളിന്റെ ഗേറ്റ് തകർത്താണ് അകത്ത് കടന്നത്. കണ്ണിമല സെന്റ് ജെയിംസ് യു.പി സ്കൂളിലും സമീപത്തെ സെന്റ് ജോസഫ് ഹൈസ്കൂളിലുമായി പഠിക്കുന്ന 400 കുട്ടികളുടെ കൃഷിത്തോട്ടമാണ് ആനക്കൂട്ടം നശിപ്പിച്ചത്. കൂടാതെ ചാരിറ്റി സിസ്റ്റേഴ്സ് നടത്തുന്ന ബാലിക ഭവനവും കോൺവെന്റും ഇതിന് സമീപമുണ്ട്.
ഇവിടെയാണ് രാത്രിയിൽ കാട്ടാനക്കൂട്ടം എത്തി വ്യാപകമായി നാശനഷ്ടം ഉണ്ടാക്കിയത്. സ്കൂൾ പരിസരത്ത് എത്തി കാട്ടാനക്കൂട്ടം നാശനഷ്ടം ഉണ്ടാക്കിയതോടെ കുട്ടികൾ കടുത്ത ഭീതിയിലാണെന്ന് ഹെഡ്മാസ്റ്റർ ഫാ.റെജി തൊമ്മിക്കാട്ടിൽ പറഞ്ഞു. പല കുട്ടികളുടെയും വീടിന്റെ പരിസരത്തുവരെ ആനക്കൂട്ടം എത്തുന്നത് പതിവാണ്.
നാളുകളായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണുവാൻ അധികാരികൾ തയാറാകണമെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. കണ്ണിമല, പുലിക്കുന്ന് പ്രദേശത്ത് വന്യമൃഗ ശല്യത്തിന് പരിഹാരം കാണുവാൻ സോളാർ ഫെൻസിങ് അടക്കമുള്ള ജോലികൾ ആരംഭിച്ചതായി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. ജയൻ പറഞ്ഞു. ഈ ജോലികൾ പൂർത്തിയാകുന്നതോടെ ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നതിന് പരിഹാരമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.