മുണ്ടക്കയം ടൗണിലെ സീബ്രാലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്
text_fieldsനവീകരണ ഭാഗമായി ടൈൽ പാകിയതോടെ സീബ്ര ലൈനുകൾ മാഞ്ഞു
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ സീബ്ര ലൈനുകളുടെ അഭാവവും അശാസ്ത്രീയതയും അപകടങ്ങൾക്ക് വഴിവെക്കുന്നു. ടൗണിൽ ദേശീയപാത മുറിച്ചുകടക്കുമ്പോൾ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി മാറുകയാണ്.
ടൗണിൽ ഏറ്റവും കൂടുതൽ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്ന പ്രധാന ഭാഗം കൂട്ടിക്കൽ ജങ്ഷനും ബസ്സ്റ്റാൻഡിനും ഇടയിലുള്ളിടത്താണ്. മുമ്പ് ഈ ഭാഗത്ത് സീബ്രാ ലൈനുണ്ടായിരുന്നു. എന്നാൽ പതിവായി ഇവിടെ റോഡ് തകരാറിലായതോടെ നവീകരണത്തിന്റെ ഭാഗമായി ടൈൽ പാകി. ഇതോടെ നിലവിലുണ്ടായിരുന്ന സീബ്ര ലൈനുകൾ മാഞ്ഞു. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഈ ഭാഗത്ത് ഡിവൈഡറുകൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. അശാസ്ത്രീയമായി ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നതുമൂലം ഒരേസമയം മൂന്നോ, നാലോ ആളുകൾക്ക് മാത്രമാണ് ഒരുമിച്ച് റോഡ് മുറിച്ചുകടക്കാൻ കഴിയുന്നത്. പല സമയങ്ങളിലും റോഡ് മുറിച്ച് കടക്കാൻ കഴിയാതെ റോഡിന്റെ മധ്യഭാഗത്ത് കൂട്ടമായി ആളുകൾ നിൽക്കുന്ന കാഴ്ചയുമുണ്ട്. ഇതോടെ റോഡിന്റെ പല ഭാഗങ്ങളിലൂടെയും ആളുകൾ മറികടന്ന് സഞ്ചരിക്കുമ്പോൾ ഗതാഗതക്കുരുക്കിനും ഒപ്പം അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. കൂടുതൽ ആളുകൾക്ക് ഒരേ സമയം റോഡ് മുറിച്ചുകടക്കാവുന്ന രീതിയിൽ ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മുണ്ടക്കയം സർക്കാർ ആശുപത്രി ജങ്ഷനിൽ ദേശീയപാതയിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനുകളുണ്ട്. എന്നാൽ അശാസ്ത്രീയമായി ഇവിടെ സീബ്രാലൈനുകൾ വരച്ചിരിക്കുന്നതുമൂലം കിഴക്ക് ഭാഗത്തുനിന്നും വരുന്ന വാഹന യാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. തൊട്ടടുത്തെത്തി കഴിയുമ്പോൾ മാത്രമാണ് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുക. അപ്പോഴേക്കും അപകടം സംഭവിച്ചു കഴിയും. കൂടാതെ കാലപ്പഴക്കത്താൽ സീബ്ര ലൈനുകൾ മാഞ്ഞു തുടങ്ങിയത് അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്. ടി.ബി. ജങ്ഷനും മുണ്ടക്കയം ബസ്റ്റാൻഡിനുമിടയിലായി മറ്റൊരു സീബ്രാ ലൈനുണ്ടെങ്കിലും ഇതിനോട് ചേർന്ന് ബാരിക്കേഡുകൾ വെച്ചിരിക്കുന്നത് മൂലം കാൽനട യാത്രക്കാർക്ക് ഒന്നിച്ച് റോഡ് മുറിച്ചുകടക്കാൻ കഴിയില്ല. ഇവിടെയും കാലപ്പഴക്കം കാരണം സീബ്രാലൈനുകൾ പാതിഭാഗം മാഞ്ഞനിലയിലാണ്. കൂടാതെ ദേശീയപാതയുടെ ഇരുവശങ്ങളിലേയും സീബ്ര ലൈനുകൾക്കും കാലപ്പഴക്കംകാരണം മങ്ങൽ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.