ഓണം കെടുത്തി നഗരസഭ; ഉത്രാടനാളിൽ സമരവുമായി ശുചീകരണത്തൊഴിലാളികൾ
text_fieldsകോട്ടയം: നഗരസഭയിലെ ശുചീകരണത്തൊഴിലാകൾക്ക് ഇത്തവണ ഓണം മധുരിക്കില്ല. തങ്ങൾക്ക് അനുവദിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ നിഷേധിച്ച സെക്രട്ടറിക്കെതിരെ ഉത്രാടനാളിൽ കോട്ടയം നഗരസഭക്ക് മുന്നിൽ അവർ കുത്തിയിരിപ്പ്സമരം നടത്തി. കുട്ടികളുടെ ഓണക്കോടിക്കും സദ്യയൊരുക്കുന്നതിനുമായി പ്രതീക്ഷിച്ച അലവൻസോ ബോണസോ ഓണനാളുകളിൽപോലും ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടില്ല.
സ്ഥിരജീവനക്കാരുടെ അഡ്വാൻസും താത്കാലിക ജീവനക്കാരുടെ ബോണസുമാണ് മുടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് ഫയലിൽ ഒപ്പിടാതിരുന്ന സെക്രട്ടറി, ജീവനക്കാരെ കബളിപ്പിച്ച് ഓഫിസിൽനിന്നും ഇറങ്ങിപ്പോവുകയായിരുന്നതായാണ് ആക്ഷേപം.
വെള്ളിയാഴ്ച ഏറെ വൈകിയും ജീവനക്കാർ സെക്രട്ടറിയെ കാത്തിരുന്നെങ്കിലും ചെക്ക് ബാങ്കിലേക്ക് അയച്ചതായി വിശ്വസിപ്പിക്കുകയും ജീവനക്കാർ ബാങ്കിൽ അന്വേഷിച്ചപ്പോൾ ചെക്ക് ലഭിച്ചിട്ടില്ലെന്നുമാണ് കിട്ടിയ മറുപടി.
സെക്രട്ടറി ഒപ്പിട്ടുനൽകിയിരുന്നെങ്കിൽ ജീവനക്കാർക്ക് അലവൻസ് തുക നേരത്തെ അക്കൗണ്ടിൽ ലഭിക്കുമായിരുന്നു. ബാങ്ക് പ്രവൃത്തിദിവസമായ ബുധനാഴ്ച മാത്രമേ ഇനി ആനുകൂല്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകൂ. മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ മുഴുവൻ ആനുകൂല്യങ്ങൾക്കുമുള്ള ഫയൽ ഒപ്പിട്ട ശേഷമാണ് സെക്രട്ടറി ഓഫിസിൽ നിന്ന് മടങ്ങിയതെന്നും ആക്ഷേപമുണ്ട്.
200ഓളം ശുചീകരണത്തൊഴിലാളികളാണ് നഗരസഭയിൽ ഉള്ളത്. ഇരുപതിനായിരം രൂപയാണ് അഡ്വാൻസ് ആയി ലഭിക്കേണ്ടിയിരുന്നത്. ഇത് മാസാമാസം ശമ്പളത്തിൽനിന്നും തിരിച്ചുപിടിക്കുകയും ചെയ്യും.
മാസത്തിന്റെ തുടക്കത്തിൽ ലഭിക്കേണ്ടിയിരുന്ന ശമ്പളം കഴിഞ്ഞ ദിവസമാണ് ജീവനക്കാർക്ക് കിട്ടിയത്. ഫെസ്റ്റിവൽ അലവൻസ് ലഭിക്കുന്നതിന് പലതവണ സെക്രട്ടറിയുടെ മുമ്പിൽ വിഷയമവതരിപ്പിച്ചെങ്കിലും ‘ഉടൻ ശരിയാക്കും’ എന്ന് മറുപടി നൽകി ജീവനക്കാരെ തിരികെ അയക്കുകയായിരുന്നു.
ശുചീകരണത്തൊഴിലാളി തസ്തികയിൽ 50ന് മുകളിൽ സ്ഥിരം നിയമനത്തിന് ഒഴിവുകൾ ഉണ്ടായിരിക്കേ അമ്പതോളം താത്കാലിക ജീവനക്കാരാണ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി ജോലി ചെയ്യുന്നത്.
ഇവർക്ക് ഒഴിവുകളിലേക്ക് നിയമനം നൽകുന്നതിനായി നഗരസഭ വിമുഖത കാട്ടുന്നതായി ജീവനക്കാർ ആരോപിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ കാർഡ് പുതുക്കാനായി എത്തിയ താത്കാലിക തൊഴിലാളികളെ സ്ഥിരംതൊഴിലാളികളായാണ് രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ നഗരസഭയിൽ ഇവർ താത്കാലിക ജീവനക്കാരാണ്. 48 വയസ് പിന്നിട്ട നിരവധി ശുചീകരണത്തൊഴിലാളികൾ താത്കാലിക ജീവനക്കാരാണ്.
ഇതുകൊണ്ടുതന്നെ കരാർ കാലാവധി കഴിയുന്നവർക്ക് പെർഷൻ പോലും ലഭിക്കുന്നില്ല. താത്കാലിക ജീവനക്കാർക്ക് ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെയാണ് ജോലിചെയ്യേണ്ടിവരുന്നത്.
ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ നൽകാത്ത നഗരസഭക്കെതിരേ പ്രതിഷേധം ശക്തമാണ്. വരുംദിവസങ്ങളിൽ ജീവനക്കാർക്കെതിരെയുള്ള വിവേചനത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സമരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.