വൈദ്യുതി കണക്ഷനായില്ല; തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം പൊളിക്കല്‍ നീളും
text_fieldsകോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം പൊളിക്കൽ ബുധനാഴ്ച ആരംഭിക്കില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബുധനാഴ്ച മുതല്‍ കെട്ടിടം പൊളിക്കുമെന്നായിരുന്നു കരാറുകാരന് അറിയിച്ചിരുന്നത്. എന്നാല്‍, നടപടികൾ പൂർത്തിയായിട്ടില്ല. കെട്ടിടത്തിലേക്ക് താൽക്കാലിക കണക്ഷനായുള്ള സമ്മതപത്രം നഗരസഭ ചൊവ്വാഴ്ചയാണ് കൈമാറിയത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ കണക്ഷന് എടുത്ത ശേഷമേ പൊളിക്കാനുള്ള പ്രാരംഭ ജോലികള്‍ ആരംഭിക്കൂവെന്ന് കരാറുകാരന് പറഞ്ഞു. കെട്ടിടത്തിൽനിന്ന് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാന ഭാഗമായി നേരത്തേ ഇവിടേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരുന്നു. എന്നാൽ, രാത്രിയിലടക്കം പൊളിക്കൽ ജോലികൾ നടത്തേണ്ടതിനാൽ വൈദ്യുതി കണക്ഷൻ ആവശ്യമാണെന്ന് കാട്ടി കരാറുകാരൻ നഗരസഭയെ സമീപിക്കുകയായിരുന്നു. ഉപകരണങ്ങൾ അടക്കം പ്രവർത്തിപ്പിക്കാനും വൈദ്യുതി ആവശ്യമുണ്ട്. ഇതോടെയാണ് താൽക്കാലിക കണക്ഷനെടുക്കാൻ തീരുമാനിച്ചത്.
അതിനിടെ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കെട്ടിടം പൊളിക്കാന്‍ വേണ്ട ക്രമീകരണം പൂര്‍ത്തിയായതായി നഗരസഭ അറിയിച്ചു. മുനിസിപ്പല്‍ എന്‍ജിനീയര്‍ കെ. സുനില്‍കുമാറിനാണ് മേല്‍നോട്ടച്ചുമതല. അസി. എന്‍ജീനിയര്‍മാരായ ആര്. ഗൗതമി, ആര്. സൂര്യ, പബ്ലിക് വര്‍ക്ക്സ് ഓവര്‍സിയര്‍മാരായ എം.സി. മിഥുന്, എസ്. ശിവപ്രസാദ് എന്നിവര്‍ മുനിസിപ്പല്‍ എന്‍ജീനിയറുടെ നിര്‍ദേശം അനുസരിച്ച് സ്ഥലത്ത് നേരിട്ട് മേല്‍നോട്ടം വഹിക്കണമെന്നും സെക്രട്ടറി ഉത്തരവിട്ടു. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിരക്ഷാസേന, പൊലീസ് എന്നിവയെ യഥാസമയം വിവരം അറിയിക്കണം. പൊളിക്കല്‍ ജോലികള്‍ നടക്കുന്ന ദിവസങ്ങളില്‍ നഗരസഭ ആംബുലന്‍സ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാനും സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സുരക്ഷാ ക്രമീകരണം കരാറുകാരന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 45 ദിവസത്തിനുള്ളില്‍ പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് കലക്ടർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ല പൊലീസ് മേധാവി, അഗ്നിരക്ഷാസേന ജില്ല ഓഫിസർ എന്നിവർക്ക് മേൽനോട്ടച്ചുമതലയും ജില്ല ഭരണകൂടം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.