മരണത്തിലേക്ക് വലിച്ചിട്ട് മൂവാറ്റുപുഴയാർ; ശാന്തം, അടിത്തട്ടിൽ ചതിക്കുഴികൾ
text_fieldsകോട്ടയം: ശാന്തമായി ഒഴുകുന്നുവെന്ന തോന്നലുണ്ടാക്കുമെങ്കിലും ഉല്ലസിക്കാനെത്തുന്നവരെ മരണത്തിലേക്ക് വലിച്ചിടുകയാണ് മൂവാറ്റുപുഴയാറിലെ ചതിക്കുഴികൾ. പുഴയിലെ ചുഴിയും മണൽക്കുഴികളും തിരിച്ചറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. ഞായറാഴ്ച മൂവാറ്റുപുഴയാറ്റിലെ വെള്ളൂർ ചെറുകര പാലത്തിന് സമീപത്തെ കടവിൽ കുളിക്കുന്നതിനിടയുണ്ടായ അപകടത്തിൽ മൂന്നുപേർ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം.
മൂവാറ്റുപുഴയാറിലെ വിവിധ കടവുകളിൽ കുളിക്കാനും ഉല്ലസിക്കാനും നിരവധി പേരാണ് അവധി ദിവസങ്ങളിൽ എത്തുന്നത്. പുറമെ ശാന്തമെങ്കിലും നദിയുടെ ആഴങ്ങളിൽ വൻ തോതിലാണ് മണൽകുഴികൾ. ഒരുകാലത്ത് ഏറ്റവും കൂടുതൽ മണൽവാരൽ നടന്ന സ്ഥലങ്ങളിലൊന്നാണ് വെള്ളൂർ. ഈ കുഴികൾ പലതും അടിത്തട്ടിൽ അവശേഷിക്കുകയാണ്. പലതും വലിയ കയങ്ങളാണ്. ഇതിനൊപ്പം അടിയൊഴുക്ക്, അടിത്തട്ടിലെ ചളി എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നു.
ഈ കടവിൽ ഒന്നര വർഷം മുമ്പ് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചിരുന്നു. പാലത്തിന്റെ തൂണുകളിൽ തട്ടി വെള്ളത്തിന്റെ ശക്തി വർധിക്കുന്നതാണ് ഈ മേഖലയിൽ അപകടങ്ങൾക്ക് കാരണം. ഇതുമൂലം അടിയൊഴുക്കും ശക്തമാണ്. മുകൾപരപ്പിൽ ഈ ഒഴുക്കിന്റെ ശക്തി പലപ്പോഴും പ്രകടമാകാത്തതിനാൽ പേടിയില്ലാതെ പലരും പുഴയിലേക്ക് ഇറങ്ങുന്നത് പതിവാണ്. പുഴയെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും പലരും ഗൗനിക്കാറില്ലെന്നും ഇവർ പറയുന്നു. നീന്തൽ വശമില്ലാത്തവരും കൂട്ടുകാരുടെ സമ്മർദം മൂലം പുഴയിൽ ഇറങ്ങുന്നുണ്ട്. ബന്ധുവീടുകൾ സന്ദർശിക്കാനെത്തുന്നവരാണ് മരിക്കുന്നതിലേറെയും. ഒത്തുചേരലിന്റെ സന്തോഷങ്ങൾ പെട്ടെന്നാണ് കണ്ണീരിലേക്കു വഴിമാറുന്നത്. പലപ്പോഴും അശ്രദ്ധയാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നത്. മദ്യപിച്ച് വെള്ളത്തിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരുത്തും. നീന്തലറിഞ്ഞാലും രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. പരിചയമില്ലാത്ത ജലാശയങ്ങളിലിറങ്ങുമ്പോൾ പ്രദേശവാസികളെ വിശ്വാസത്തിലെടുക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. നാട്ടുകാരുടെ വിലക്ക് മറികടന്ന് വെള്ളത്തിലിറങ്ങിയാൽ അപകടസാധ്യതയേറെയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടുവർഷത്തിനിടെ മൂവാറ്റുപുഴയാറിൽ നിരവധിപേരാണ് മുങ്ങിമരിച്ചത്. മാസങ്ങൾക്കുമുമ്പ് സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വൈദിക വിദ്യാർഥി മാമ്മലശ്ശേരി കുന്നിത്താഴം ഭാഗത്ത് ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിൽ മൂവാറ്റുപുഴയാറിലെ വെട്ടിക്കാട്ടുമുക്കിൽ ഉല്ലസിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചതിന്റെ ഓർമകളും നാട്ടുകാരുടെ മനസ്സിൽനിന്ന് മറഞ്ഞിട്ടില്ല. അടുത്തിടെ കരിയാറിൽ വള്ളം മറിഞ്ഞ് നാലുവയസ്സുകാരനടക്കം രണ്ടുപേർ മുങ്ങിമരിച്ചിരുന്നു. ചെട്ടിമംഗലം പുത്തൻതറയിൽ ശശി, സഹോദരിയുടെ മകൻ ഇവാൻ എന്നിവരാണ് മരിച്ചത്. ചെട്ടിക്കരിയിലെ ബന്ധുവീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.