‘നാലുമണിക്കാറ്റ്’ ഇനി ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്
text_fieldsകോട്ടയം: കാറ്റേറ്റ് നാടൻ രുചികൾ ആസ്വദിക്കാൻ കഴിയുന്ന ‘നാലുമണിക്കാറ്റിന്’ ഇനി പുതുമോടി. ‘ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്’ ആയി മുഖംമിനുക്കിയെത്തുന്ന ‘നാലുമണിക്കാറ്റ്’ വഴിയോര വിനോദ സഞ്ചാര പദ്ധതി ഫെബ്രുവരി ആദ്യവാരം തുറക്കും. കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പ് ‘ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്’ ആയി നാലുമണിക്കാറ്റിനെ തെരഞ്ഞെടുത്തതോടെയാണ് നവീകരണത്തിന് വഴിതെളിഞ്ഞത്. ഇതോടെ ഇവിടത്തെ തട്ടുകടകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയിരുന്നു.
40 ലക്ഷത്തോളം രൂപ ചെലവിട്ടാണ് മണർകാട്- ഏറ്റുമാനൂർ ബൈപാസിലെ നാലുമണിക്കാറ്റ് വഴിയോര വിനോദ സഞ്ചാരകേന്ദ്രത്തിന്റെ നവീകരണം നടന്നുവരുന്നത്. നാടൻ ഭക്ഷ്യഉൽപന്നങ്ങളുടെ വിൽപനക്കായി 12 ബങ്കുകളും സ്ഥാപിച്ചു. ഒരേ മാതൃകയിലുള്ളതാണ് ഇവയെല്ലാം. നേരത്തെ നാടൻ രുചി വിളമ്പുന്ന എട്ട് തട്ടുകടകളായിരുന്നു ഉണ്ടായിരുന്നത്. നവീകരണത്തിൽ ഇത് 12 ആക്കി ഉയർത്തി. കുടുംബശ്രീ യൂനിറ്റുകൾക്ക് തന്നെയാകും ഭക്ഷണത്തിന്റെ ചുമതല. കഴിഞ്ഞദിവസങ്ങളിൽ ഇവർക്ക് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നൽകി. സി.സി. ടി.വി കാമറകളും പുതിയതായി സ്ഥാപിച്ചിട്ടുണ്ട്. സോളാർ പാനലുകളും സജ്ജീകരിച്ചു.
കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാകും നാടൻ ഭക്ഷ്യബങ്കുകളുടെ പ്രവർത്തനം. ശുദ്ധവും ഉയർന്ന ഗുണനിലവാരവുമുള്ളതാകും ഉൽപന്നങ്ങൾ. മായമുണ്ടാകില്ല. ഗുണനിലവാരം അടക്കം പരിശോധിച്ചാകും അസംസ്കൃത വസ്തുക്കൾ തെരഞ്ഞെടുക്കുക. ജീവനക്കാരുടെ ശാരീരികശുദ്ധിക്കൊപ്പം പരിസര ശുചിത്വവും ഉറപ്പാക്കും. ശുദ്ധീകരിച്ച വെള്ളമായിരിക്കും വിതരണം നടത്തുക. മണർകാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതിനായി ഇവിടെ ജലശൂചീകരണ പ്ലാന്റും ഒരുക്കും. മാലിന്യനിർമാർജനത്തിനും പ്രത്യേക സംവിധാനമുണ്ടാകും.
ഓരോ കടകളിലും ലഭിക്കുന്ന നാടൻ പലഹാരങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ബോർഡും സ്ഥാപിച്ചിട്ടുണ്ട്. തിരുവാതിര പുഴുക്ക്, സാധാരണ പുഴുക്ക് എന്നിവ ഇനി എല്ലാദിവസവും ലഭിക്കും. ഒപ്പം നേരത്തെ ലഭ്യമായിരുന്ന കാച്ചിൽ, ചേമ്പ് എന്നിവ വേവിച്ചത്, കപ്പ പുഴുങ്ങിയത്, പഴം പൊരി, ഇല അട, ബജി, വട, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങിയ നാടൻ വിഭവങ്ങളുമുണ്ടാകും.
നവീകരണത്തിന്റെ ഭാഗമായി മാസങ്ങളായി കടകൾ അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും ഇവിടേക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ നവീകരണോദ്ഘാടനത്തിനുശേഷം പ്രവർത്തനസമയം രാവിലെ 11 മുതൽ രാത്രി എട്ടുവരെ ആക്കാനും ആലോചനയുണ്ട്.
മണർകാട്-ഏറ്റുമാനൂർ ബൈപാസ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 2011 ജനുവരിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. മാലിന്യക്കൂമ്പാരം നീക്കിയശേഷം നെൽപാടത്തിന് നടുവിലൂടെയുള്ള റോഡിന്റെ വശങ്ങളിൽ സിമന്റ് ബെഞ്ചുകൾ സ്ഥാപിച്ചു. തണൽമരങ്ങളും നട്ടുപിടിപ്പിച്ചു. കുട്ടികൾക്കായി ഊഞ്ഞാൽ അടക്കമുള്ള റൈഡുകളും ഒരുക്കി.
2013 ൽ വിനോദ സഞ്ചാര രംഗത്തെ മികച്ച നൂതന ആശയത്തിനുളള സംസ്ഥാന വിനോദ സഞ്ചാര പുരസ്കാരം, 2014ൽ രാജ്യാന്തര സംഘടനയായ സ്കാൽ ഇന്റർനാഷനലിന്റെ ലോക സുസ്ഥിര വിനോദ സഞ്ചാര അവാർഡ് എന്നിവ ഈ ജനകീയ വിനോദ സഞ്ചാര പദ്ധതിക്ക് ലഭിച്ചിരുന്നു.
കേന്ദ്രഫണ്ടിനൊപ്പം കുടുംബശ്രീ യൂനിറ്റുകകൾ വായ്പയിലൂടെയും വികസനത്തിനായി തുക കണ്ടെത്തിയെന്ന് മണർകാട്-ഏറ്റുമാനൂർ ബൈപാസ് റസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റ് ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.