രണ്ടത്താണിയുടെ ‘സമരമുഖം’ ഓർമയായി
text_fieldsകോട്ടക്കൽ: ദേശീയപാതയിൽ ആറുവരി പാത കടന്നുപോകുന്ന രണ്ടത്താണിയിൽ അടിപ്പാത വേണമെന്നാവശ്യവുമായി സമരരംഗത്തുള്ള നാട്ടുകാർക്കൊപ്പം മുൻനിരയിലെ സാന്നിധ്യം ഇനിയോർമ. അസുഖബാധിതനായി കോട്ടക്കലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷിയാദ് ബാബുവിന്റെ (45) മരണത്തിൽ നാടൊന്നാകെ കണ്ണീരിലാണ്. ആക്ഷൻ കൗൺസിൽ ഒരുക്കിയ സമരപരിപാടികളിൽ സൗമ്യമുഖമായിരുന്നു ബാബു.
പുതിയ പാത വന്നതോടെ ഡയാലിസിസിനായി രണ്ടത്താണി കാടാമ്പുഴ റോഡിനോട് ചേർന്നുള്ള വീട്ടിൽനിന്ന് കോട്ടക്കലിലേക്കുള്ള ആശുപത്രിയിലേക്ക് പോകാൻ പ്രയാസത്തിലായിരുന്നു. കിലോമീറ്റർ ചുറ്റിത്തിരിഞ്ഞാണ് ചികിത്സക്കായി പോയിരുന്നത്. ഇദ്ദേഹത്തിന്റെ മക്കൾ സ്കൂളിൽ പോകാനും ഒഴിവു നേരങ്ങളിലും മറ്റും രണ്ടത്താണി ചന്തയിലേക്കും പള്ളിയിലേക്കും പോകാനും കഴിയാതെ വിഷമത്തിലായിരുന്നു. വീടിന് മറുവശത്തുള്ള കേന്ദ്രങ്ങളിലേക്ക് എത്താൻ കഴിയാതായതോടെ പ്രതിഷേധ സമരങ്ങളിൽ സജീവമായി.
അസുഖത്തെ തുടർന്ന് ഇരുകാലുകളും മുറിച്ചുമാറ്റിയതോടെ വീൽചെയറിൽ ഇരുന്ന് സമരമുഖത്തേക്ക് എത്തുന്ന ബാബു സമരത്തിന്റെ മുഖ്യ ശ്രദ്ധയായി മാറി. അവസാനമായി നടന്ന ദേശീയപാത ഉപരോധത്തിൽ അറസ്റ്റ് ചെയ്തവരെ കയറ്റിയ പൊലീസ് വാനിന് മുന്നിൽ പ്രതിഷേധമുയർത്തിയ ബാബുവിനെ പൊലീസ് ഏറെ ശ്രമകരമായാണ് മാറ്റിയത്. രാഷ്ട്രീയ കക്ഷിഭേദമന്യേ നിരവധി പേരാണ് ഷിയാദ് ബാബുവിന്റെ മൃതദേഹം കാണാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.