നവകേരള സദസ്സ് കോട്ടയം ജില്ലയിൽ 12 മുതൽ
text_fieldsകോട്ടയം : ജില്ലയിലെ നവകേരള സദസ്സിന് 12ന് തുടക്കമാകും. ഒമ്പതു നിയമസഭ മണ്ഡലത്തിൽ 14വരെ മൂന്നു ദിവസങ്ങളിലായാണ് നവകേരള സദസ്സ്.
ചൊവ്വ
വൈകീട്ട് മൂന്നിന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലെ നവകേരള സദസ്സിലാണ് മുഖ്യമന്ത്രി ആദ്യമെത്തുന്നത്. വൈകീട്ട് നാലിന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊൻകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും വൈകീട്ട് അഞ്ചിന് പാലാ നിയോജക മണ്ഡലത്തിലേത് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലും നടക്കും.
ബുധൻ
ബുധനാഴ്ച കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യ പ്രഭാതയോഗം നടക്കും. കോട്ടയം, ചങ്ങനാശ്ശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, എറ്റുമാനൂർ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ മുഖ്യമന്ത്രിയുമായി സംവദിക്കും. തുടർന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് രാവിലെ 10നും പുതുപ്പള്ളിയിൽ പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ടിനും നവകേരള സദസ്സ് നടക്കും. വൈകീട്ട് നാലിന് ചങ്ങനാശ്ശേരി എസ്.ബി കോളജ് ഗ്രൗണ്ടിലും വൈകീട്ട് അഞ്ചിന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിലുമാണ് നവകേരള സദസ്സ് നടക്കുക.
വ്യാഴം
രാവിലെ ഒമ്പതിന് കുറവിലങ്ങാട് മാർത്തമറിയം ഫൊറോന പള്ളി പാരിഷ് ഹാളിൽ പ്രഭാതയോഗം. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ പങ്കെടുക്കും. 11ന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് കുറവിലങ്ങാട് ദേവമാത കോളജ് മൈതാനത്തും വൈകീട്ട് മൂന്നിന് വൈക്കത്തേത് വൈക്കം ബീച്ചിലും നടക്കും. തുടർന്ന് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.
എങ്ങനെ നിവേദനം നൽകാം
കോട്ടയം: വകുപ്പുകളുടെ ഇടപെടൽ വേണ്ടതോ ഒരു വകുപ്പുമായി മാത്രംബന്ധപ്പെട്ടതോ ആയ നിവേദനങ്ങൾ, അപേക്ഷ തുടങ്ങിയവ നവകേരള സദസ്സിന്റെ കൗണ്ടറുകളിൽ നൽകാം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ രേഖകളുടെ പകർപ്പുസഹിതം സമർപ്പിക്കാം. അപേക്ഷകർ മൊബൈൽ നമ്പർ നിർബന്ധമായി നൽകണം.
നാല് ഉദ്യോഗസ്ഥർ വീതമുള്ള 25 കൗണ്ടറാണ് ഉണ്ടാകുക. അഞ്ചെണ്ണം സ്ത്രീകൾക്കും നാലെണ്ണം മുതിർന്ന പൗരന്മാർക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കുമാണ്. നവകേരള സദസ്സ് തുടങ്ങുന്നതിന് മൂന്നു മണിക്കൂർ മുമ്പ് കൗണ്ടർ പ്രവർത്തനം ആരംഭിക്കും. ഉദ്യോഗസ്ഥർ മുൻകൂട്ടി തയാറാക്കിയ രസീത് ബുക്കിലെ നമ്പർ അപേക്ഷയിൽ ചേർക്കുകയും അതിന്റെ രസീത് അപേക്ഷകന് നൽകുകയും ചെയ്യും. 50 എണ്ണമായാൽ അപേക്ഷകൾ ഓരോ കെട്ടാക്കി മാറ്റുകയും കൗണ്ടർ സൂപ്പർവൈസർക്ക് കൈമാറുകയും അവർ നവകേരള സദസ്സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കൈമാറുകയും എല്ലാ പരാതികളും രേഖാമൂലം കലക്ടറേറ്റിൽ എത്തിക്കുകയും ചെയ്യും. അവിടെ നിന്ന് https://navakeralasadas.kerala.gov.in/ പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
അപേക്ഷ നവകേരള സദസ്സിൽ സമർപ്പിച്ച് പരമാവധി 45 ദിവസത്തിനകം തീർപ്പാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്. അപേക്ഷയുടെ സ്റ്റാറ്റസ് https://navakeralasadas.kerala.gov.in/ വെബ്സൈറ്റിൽ രസീത് നമ്പറോ മൊബൈൽ നമ്പർ നൽകിയോ അറിയാൻ സാധിക്കും. അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി മന്ത്രിസഭ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. പൊതുജനങ്ങൾക്ക് അപേക്ഷകൾ, നിവേദനങ്ങൾ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.