കേട്ടില്ലേ കോട്ടയത്തിന്റെ ആവശ്യങ്ങൾ
text_fieldsവികസനത്തിന്റെ പാലൊഴുകട്ടെ
പാലാ
പാലാ കാർഷിക സമ്പദ് വ്യവസ്ഥയിൽ വളർന്ന മേഖലയാണ്. കാർഷിക മേഖലയുടെ തകർച്ചയെ തുടർന്ന് കർഷകർ കൃഷിയിൽനിന്നും പിന്തിരിഞ്ഞു കൊണ്ടിരിക്കുന്നു. കൃഷിഭൂമി വിറ്റ് മക്കളെ വിദേശത്ത് അയക്കുന്ന തിരക്കിലാണ് നാടും നഗരവും. തകർന്ന രണ്ട് പ്രമുഖ റബർ സഹകരണ വിപണന സംഘങ്ങളിൽ നിക്ഷേപിച്ച തുക പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തിരികെ ലഭ്യമാക്കാൻ നടപടിയായില്ല. സഹകരണ ബാങ്കുകളാണ് പാലായുടെ ധനസംഭരണി. എന്നാൽ, അടുത്തിടെ പാലാ കിഴതടിയൂർ, വലവൂർ, കടനാട്, ചൂണ്ടച്ചേരി ബാങ്കുകളിലെ ക്രമക്കേടുകളും സഹകരണ മേഖലയിലെ പ്രശ്നങ്ങളും കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചില മേഖലയിൽ വോൾട്ടേജ് ക്ഷാമം പ്രശ്നം സൃഷ്ടിക്കുന്നു.
ഭവനരഹിതർ താരതമ്യേന കുറവ്. എന്നാലും 4000ലധികം അപേക്ഷകളാണ് ലൈഫ് പദ്ധതിയിൽ പണി പൂർത്തിയാകാനുള്ളത്.
പാലാ ജനറൽ ആശുപത്രിയിൽനിന്ന് മാറ്റിക്കൊണ്ടുപോയ ചില ചികിത്സാ വിഭാഗങ്ങൾ തിരികെ കൊണ്ടുവരണം.
ജനറൽ ആശുപത്രിയോടനുബന്ധിച്ച് നഴ്സിങ് കോളജും പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും മെഡിക്കൽ പി.ജി കോഴ്സുകളും ആരംഭിക്കണമെന്ന് ആവശ്യം.
നഗരത്തിലെ മാലിന്യസംസ്കരണത്തിന് പരിഹാരമായിട്ടില്ല.
മീനച്ചിൽ ലാറ്റക്സ് ഫാക്ടറി പതിറ്റാണ്ടുമുമ്പ് അടച്ചുപൂട്ടിയതോടെ നിരവധി പേരുടെ തൊഴിലും കർഷകർക്ക് വിപണന സഹായവും നഷ്ടമായി.
റബർ വിലത്തകർച്ച കാരണം ധാരാളം കർഷകർ കൃഷിയിൽനിന്ന് പിന്തിരിഞ്ഞു.
പാലാ റിങ് റോഡ് രണ്ടാം ഘട്ടത്തിനും പാലാ കാൻസർ സെന്ററിനും കിഫ്ബി ഫണ്ട് ലഭ്യമാക്കണം.
പാലാ നെല്ലിയാനിയിൽ നിർമാണം പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം വിവിധ സർക്കാർ വകുപ്പുകൾ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കാതെ കിടക്കുന്നു
പാലാ ജനറൽ ആശുപത്രിയുടെ ഡയഗ്നോസ്റ്റിക് ബ്ലോക്ക്, പാലാ നഗരസഭയുടെ ലോയേഴ്സ് ചേംബർ, കെ.എസ്.ആർ.ടി.സിയുടെ പുതിയ വാണിജ്യ കെട്ടിടം ഇവയെല്ലാം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
അഞ്ച് കോടി രൂപ മുടക്കി പാലാ നഗരത്തിൽ സ്ഥാപിച്ച അമിനിറ്റി സെന്റർ തുറന്നു പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല
പാലാ ഗ്രീൻ ടൂറിസം സർക്യൂട്ട് വിപുലീകരിച്ച് നടപ്പാക്കിയാൽ ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടം ഉണ്ടാവും.
കോട്ടയം
വെള്ളപ്പൊക്കമാണ് മണ്ഡലത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. ഒറ്റ മഴയിൽ നഗരത്തിലെ റോഡുകൾ വെള്ളത്തിലാവും. എല്ലാ വർഷവും ഒന്നിലേറെ തവണ മീനച്ചിലാർ നിറഞ്ഞുകവിഞ്ഞ് നഗരത്തിലെ വീടുകളിൽ വെള്ളം കയറും. റോഡുകൾ വികസിച്ചെങ്കിലും പാലങ്ങൾ പണ്ടു നിർമിച്ചവതന്നെയാണ്. മാറ്റം വരാനുണ്ട്. പടിഞ്ഞാറൻ മേഖലയിലെ പൊക്കുപാലങ്ങൾ ജലഗതാഗതത്തിന് തടസ്സമാണ്. ഇവ മാറ്റി സാധാരണ പാലം ആക്കണമെന്ന് ജനങ്ങൾ കാലങ്ങളായി ആവശ്യപ്പെടുന്നു. ആകാശപ്പാത, കോടിമത രണ്ടാംപാലം തുടങ്ങിയവക്കായി ലക്ഷങ്ങൾ ചെലവിട്ടിട്ടും ഒന്നുമായിട്ടില്ല. തിരക്കേറിയ ബേക്കർ ജങ്ഷനിൽപോലും സിഗ്നൽ സംവിധാനമില്ല.
ഈരയിൽക്കടവ്, പാറേച്ചാൽ ബൈപാസ് എന്നിവ വന്നിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല.
പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ള പ്രശ്നം രൂക്ഷം.
ലൈഫ് മിഷനിൽ നിരവധി പേർ അപേക്ഷ നൽകി കാത്തിരിക്കുന്നു.
മണർകാട്, അയ്മനം, പാറമ്പുഴ, നാട്ടകം സർക്കാർ ആശുപത്രികളുടെ സൗകര്യങ്ങൾ വർധിപ്പിക്കണം.
ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് പരിഹരിക്കണം.
ജില്ല ജനറൽ ആശുപത്രിയുടെ അവസ്ഥ പരിതാപകരം. കെട്ടിടം പണിയുടെ പേരിൽ വാർഡുകളും നേത്രശസ്ത്രക്രിയ വിഭാഗവും അടച്ചു. വടവാതൂർ മാലിന്യകേന്ദ്രം പൂട്ടിയിട്ട് വർഷങ്ങളായെങ്കിലും അജൈവ മാലിന്യമടക്കം കുന്നുകൂടിക്കിടക്കുന്നു
ട്രാവൻകൂർ സിമന്റ്സ് നാളുകളായി അടഞ്ഞുകിടക്കുന്നു
നാട്ടകത്ത് സ്കൂൾ കെട്ടിടം പൊളിച്ചിട്ടിട്ട് ഏറെ നാളായെങ്കിലും നിർമാണം എവിടെയുമെത്തിയിട്ടില്ല.
നെല്ലും പച്ചക്കറിയുമാണ് പ്രധാന കൃഷി. മഴയിൽ കൃഷിനാശമാണ് പ്രധാന പ്രശ്നം. തുച്ഛമായ നഷ്ടപരിഹാരമാണ് കിട്ടുന്നത്.
നഗരസഭ ഷീ ലോഡ്ജ് നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിലും പണമില്ലാതെ മുടങ്ങി
നഗരത്തിലെ വനിത വിശ്രമകേന്ദ്രം കരാർ കാലാവധി കഴിഞ്ഞതോടെ അടച്ചിട്ടിരിക്കുകയാണ്.
താഴത്തങ്ങാടി ജുമാ മസ്ജിദ് ഉൾപ്പെടുന്ന റോഡ് പൈതൃക പദവി കാത്തിരിക്കുകയാണ്.
സഞ്ചാരികളെ ആകർഷിക്കാനും ബോട്ട് യാത്ര ലക്ഷ്യമിട്ടും തുടങ്ങിയ കച്ചേരിക്കടവ് ബോട്ടുജെട്ടി നശിക്കുന്നു
ഏറ്റെടുക്കണം ഏറ്റുമാനൂരിന്റെ പ്രശ്നങ്ങൾ
ഏറ്റുമാനൂര്‍
ഗതാഗതക്കുരുക്കും മാലിന്യവുമാണ് ഏറ്റുമാനൂരിലെ പ്രധാന പ്രശ്നങ്ങൾ. പട്ടിത്താനം-മണര്‍കാട് ബൈപാസ് റോഡ് വന്നെങ്കിലും ഗതാഗതക്കുരുക്കിന് കുറവില്ല. മുനിസിപ്പാലിറ്റിയില്‍ ഫ്ലൈഓവറുകള്‍ വന്നാല്‍ മാത്രമേ ശാശ്വത പരിഹാരമാവൂ. മുനിസിപ്പാലിറ്റിയിലെ പകുതിയിലേറെ റോഡുകളും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
ലൈഫ് മിഷനില്‍ ഇനിയും വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ട്
അതിരമ്പുഴ, കുമരകം, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണം.
ഏറ്റുമാനൂരിൽ ഫയര്‍ സ്റ്റേഷന് വേണം
പട്ടിത്താനം-കോടതിപ്പടി-തുമ്പശ്ശേരി റോഡിന്റെ പണി പൂര്‍ത്തിയായില്ല
അതിരമ്പുഴ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രി ഡോക്ടര്‍മാരുടെ സേവനമില്ല.
ചീപ്പുങ്കല്‍ മണിയാപറമ്പ് റോഡ് പൂര്‍ത്തിയാക്കണം.
ശക്തമായ ബണ്ടില്ലാത്തതിനാൽ ആർപ്പൂക്കര പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ നെല്‍കൃഷി വെള്ളപ്പൊക്കത്തില്‍ നശിക്കുന്നു
ആര്‍പ്പൂക്കര-അയ്മനം പാലം പണി ഇതുവരെ തുടങ്ങിയിട്ടില്ല
കുമരകത്തെ റോഡുകൾ ശോച്യാവസ്ഥയിൽ
കുമരകം-മുഹമ്മ ബോട്ട് സര്‍വിസിന് പോളശല്യം പലപ്പോഴും വിഘാതം സൃഷ്ടിക്കുന്നു
പടിഞ്ഞാറന്‍ മേഖലയിലെ റോഡുകൾ നന്നാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.