നവകേരള സദസ്സിന് കോട്ടയം ജില്ലയിൽ ഇന്ന് തുടക്കം
text_fieldsകോട്ടയം: നവകേരള സദസ്സിന് ജില്ലയിൽ ചൊവ്വാഴ്ച തുടക്കം. ഇടുക്കി, പീരുമേട് മണ്ഡലത്തിൽനിന്ന് അതിർത്തി മണ്ഡലമായ പൂഞ്ഞാറിലേക്കാണ് സംസ്ഥാന മന്ത്രിസഭ ആദ്യം എത്തുന്നത്.
വൈകീട്ട് മൂന്നിന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലെ നവകേരള സദസ്സിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആദ്യം പങ്കെടുക്കുക. 5000 പേർക്കുള്ള ഇരിപ്പിടം ക്രമീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങിൽ അധ്യക്ഷതവഹിക്കും.
വൈകീട്ട് നാലിന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ നവകേരളസദസ്സ് പൊൻകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇവിടെ 7000 പേർക്കിരിക്കാവുന്ന പന്തൽ നിർമാണം പൂർത്തിയായി. കൂടാതെ തുറന്ന പന്തലും ഒരുക്കുന്നുണ്ട്. 14,000 പേർ സദസ്സിലെത്തുമെന്നാണ് പ്രതീക്ഷ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷതവഹിക്കും. ആദ്യദിനത്തിലെ അവസാന സദസ്സ് വൈകീട്ട് അഞ്ചിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഇവിടെ 7000 പേർക്ക് ഇരിക്കാനുള്ള പന്തലാണ് ഒരുക്കിയിരിക്കുന്നത്. തോമസ് ചാഴികാടൻ എം.പി അധ്യക്ഷതവഹിക്കും.
രണ്ടാം ദിനമായ 13ന് കോട്ടയം ജറുസലേം മാർത്തോമപള്ളി ഹാളിൽ രാവിലെ ഒമ്പതിന് ജില്ലയിലെ ആദ്യപ്രഭാത യോഗം നടക്കും. കോട്ടയം, ചങ്ങനാശ്ശേരി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, എറ്റുമാനൂർ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള 200 വിശിഷ്ടാതിഥികൾ പങ്കെടുക്കും.
തുടർന്ന് പത്തിന് ഏറ്റുമാനൂർ, ഉച്ചക്ക് രണ്ടുമണിക്ക് പുതുപ്പള്ളി, വൈകീട്ട് നാലിന് ചങ്ങനാശ്ശേരി, ആറിന് കോട്ടയം നിയോജക മണ്ഡലം എന്നിവിടങ്ങളിലെ നവകേരള സദസ്സ് നടക്കും. അവസാനദിനമായ 14ന് രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളിൽ ക്ഷണിക്കപ്പെട്ട വ്യക്തികളുമായുള്ള പ്രഭാതയോഗം നടക്കും. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളിൽനിന്നുള്ള വിശിഷ്ടാതിഥികൾ പ്രഭാതയോഗത്തിൽ പങ്കെടുക്കും. തുടർന്ന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ യോഗം കുറവിലങ്ങാട് ദേവമാത കോളജ് മൈതാനത്തിൽ രാവിലെ 11നും വൈക്കം മണ്ഡലത്തിലെ നവകേരളസദസ്സ് വൈക്കം ബീച്ചിൽ വൈകീട്ട് മൂന്നിനും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.