നവകേരള സദസ്സ്; നിവേദനങ്ങളിൽ തീർപ്പുണ്ടാക്കാൻ അടിയന്തര നടപടി -മന്ത്രി വി.എൻ. വാസവൻ
text_fieldsകോട്ടയം: ജില്ലയിലെ നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളിൽ തീർപ്പുകൽപിക്കാനുള്ളവ പരിഹരിക്കാൻ അടിയന്തര നടപടിയെടുത്ത് മുന്നോട്ടുപോകാൻ മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. എല്ലാ വകുപ്പും പരാതികൾ പരിഹരിക്കാൻ ആവശ്യമായ ക്രമീകരണം ചെയ്തുവെന്നാണ് വ്യക്തമായതെന്ന് അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു.
ജില്ലയിൽ 42,656 നിവേദനമാണ് ലഭിച്ചത്. ഒരു നിവേദനത്തിലുള്ള ഒന്നിലധികം പരാതികളടക്കം വിഷയാടിസ്ഥാനത്തിൽ തിരിച്ചപ്പോൾ 43,308 അപേക്ഷകളായിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗത്തിലും നടപടി പുരോഗമിക്കുകയാണ്. 3024 നിവേദനങ്ങളിൽ തീർപ്പുകൽപ്പിച്ച് നവകേരള പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ ഓരോ വകുപ്പിനും നോഡൽ ഓഫിസറെ നിശ്ചയിച്ചിട്ടുണ്ട്.
നോഡൽ ഓഫിസർ പുരോഗതി ദിവസവും വിലയിരുത്തി കലക്ടർക്ക് റിപ്പോർട്ട് നൽകും. അപേക്ഷകളിൽ പരിഹരിക്കാൻ കഴിയാത്തവ ഉണ്ടെങ്കിൽ എന്തുകൊണ്ട് പരിഹരിക്കാനാവില്ല എന്ന് അപേക്ഷകനെ ബോധ്യപ്പെടുത്തുന്ന വ്യക്തമായ മറുപടി നൽകും. ജില്ലകളിൽ പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളും മന്ത്രിസഭ തലത്തിൽ തീരുമാനമെടുക്കേണ്ട അപേക്ഷകളും വകുപ്പ് മേധാവിക്കും അതിന്റെ മുകളിലേക്കും കൈമാറും.
ഒന്നിലേറെ വകുപ്പുകൾ ഇടപെട്ട് തീർപ്പുണ്ടാക്കേണ്ട വിഷയങ്ങൾ കലക്ടറുമായി ബന്ധപ്പെട്ട് കോഓഡിനേഷൻ ഉറപ്പാക്കി മുന്നോട്ടുപോകണമെന്നും മന്ത്രി നിർദേശിച്ചു. രണ്ടാഴ്ച കൂടുമ്പോൾ ഈ വിഷയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ഗവ. സെക്രട്ടറിയും അവലോകനം ചെയ്യും.
ഇങ്ങനെ തുടർച്ചയായ പ്രക്രിയയിലൂടെ പരിഹരിക്കാവുന്ന പരിഹരിച്ചും അല്ലാത്തവ എന്തുകൊണ്ടു പരിഹരിക്കാനാവില്ലെന്നു ബോധ്യപ്പെടുത്തിയും മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കിൽ താലൂക്കുതലത്തിൽ അദാലത് നടത്തി അപേക്ഷകളിൽ തീർപ്പുണ്ടാക്കണമെന്ന് ജില്ലയിലെ അപേക്ഷകളുടെ മേൽനോട്ടം വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി പറഞ്ഞു.
ജില്ലതല നോഡൽ ഓഫിസർമാരുടെ യോഗം എല്ലാ ആഴ്ചയും വിളിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു. കലക്ടർ വി. വിഖ്നേശ്വരി, ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, അഡീ. ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ജി. നിർമൽകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.