മാല മോഷണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: വീട്ടുജോലിക്കാരിയായ മധ്യവയസ്കയുടെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ മൂന്നുപേരെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ്. എറണാകുളം മരട് ആനക്കാട്ടിൽ ആഷിക് ആന്റണി (തക്കു -31), ഭാര്യ നേഹ രവി (35), എറണാകുളം പെരുമ്പടപ്പ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ആലപ്പുഴ അരൂർ ഉള്ളാറക്കളം അർജുൻ (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 16ന് അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽനിന്നും ഇവർ സ്വർണമാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്ത് വരുകയായിരുന്നു വീട്ടമ്മ. ഇവർ ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ടതോടെ പണമില്ലാത്തതിനാൽ വീട്ടിലെ ടി.വി എടുത്തുകൊള്ളാൻ ആഷിക് ആന്റണി അറിയിച്ചു. ഇതിന് വീട്ടമ്മ സമ്മതിക്കുകയുമായിരുന്നു. അടുത്ത ദിവസം ടി.വി ഫിറ്റ് ചെയ്യാൻ ഇയാളും ഭാര്യയും സുഹൃത്ത് അർജുനും വീട്ടമ്മയുടെ വീട്ടിൽ എത്തി. ജോലിക്കിടെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടുപവൻ വരുന്ന സ്വർണമാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയിൽനിന്നും അർജുനെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത്കുമാർ, എസ്.ഐമാരായ അജ്മൽ ഹുസൈൻ, ജയകുമാർ, സജികുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആഷിക് ആന്റണിക്കെതിരെ കളമശ്ശേരി, കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ ക്രിമിനൽക്കേസ് നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.