ആർക്കും വേണ്ടാതെ നീലിമംഗലം മത്സ്യമാർക്കറ്റ് കെട്ടിടം
text_fieldsകോട്ടയം: ലക്ഷങ്ങൾ ചെലവിട്ട് നഗരസഭ നിർമിച്ച നീലിമംഗലം മത്സ്യമാർക്കറ്റ് കെട്ടിടം നശിക്കുന്നു. മേൽക്കൂരയിലെ ഷീറ്റുകൾ തകരുകയും മേൽക്കൂരയിൽ മരങ്ങൾ വളരുകയും ചെയ്തു. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലാണ് മേൽക്കൂര. അനുബന്ധമായി നിർമിച്ച ടോയ്ലറ്റും തകർന്നുകിടക്കുകയാണ്. ചുറ്റുപാടും കാടുവളർന്നു. രാത്രി കെട്ടിടവും പരിസരവും സാമൂഹികവിരുദ്ധരുടെ കൈയിലാണ്.
2014ൽ എം.പി. സന്തോഷ്കുമാർ ചെയർമാനായിരിക്കെയാണ് എം.സി റോഡിനുസമീപം കെട്ടിടം നിർമിച്ചത്. മന്ത്രി ആയിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. രണ്ടു മാസത്തോളം മാത്രമാണ് മാർക്കറ്റ് പ്രവർത്തിച്ചത്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് മാർക്കറ്റിന്റെ പ്രവർത്തനം നിർത്തി. മത്സ്യമാർക്കറ്റിനു യോജിച്ച സ്ഥലമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മീനച്ചിലാറിനോടു ചേർന്നായതിനാൽ ഒറ്റമഴയിൽ വെള്ളം കയറും. മാലിന്യം പുഴയിലേക്ക് വലിച്ചെറിയാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്. നഗരസഭക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. കെട്ടിടം മത്സ്യമാർക്കറ്റിന് അനുയോജ്യമല്ലാത്തതിനാൽ മറ്റെന്തെങ്കിലും തുടങ്ങാൻ നഗരസഭ ആലോചിച്ചിരുന്നെങ്കിലും ഒന്നുമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.