പൂച്ചയെ വെടിവെച്ചുകൊന്ന അയൽവാസി അറസ്റ്റിൽ; പ്രാവിനെ ആക്രമിച്ചതിന് പക വീട്ടിയതെന്ന് മൊഴി
text_fieldsവൈക്കം: അയൽവാസിയുടെ എയർ ഗണ്ണിൽനിന്ന് വെടിയേറ്റതിനെ തുടർന്ന് ചികിത്സയിലിരുന്ന വളർത്തുപൂച്ച ചത്തു. വൈക്കം തലയാഴം പാരണത്ര പി.കെ. രാജൻ വളർത്തിയിരുന്ന എട്ടുമാസം പ്രായമുള്ള 'ചിന്നു' എന്ന പൂച്ചയാണ് ചത്തത്. സംഭവത്തിൽ രാജെൻറ അയൽവാസിയായ രമേശനെ ൈവക്കം പൊലീസ് അറസ്റ്റ് ചെയ്തു. തെൻറ പ്രാവിനെ ആക്രമിച്ചതിനെത്തുടർന്നാണ് പൂച്ചയെ വെടിവെച്ചതെന്നാണ് രമേശൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ഞായറാഴ്ച രാത്രി എട്ടോടെയാണ് പൂച്ചക്ക് വെടിയേറ്റത്. ആദ്യം വൈക്കം മൃഗാശുപത്രിയിലും തുടർന്ന് കോട്ടയം ജില്ല വെറ്ററിനറി കേന്ദ്രത്തിലും ചികിത്സക്കെത്തിച്ചു. ചൊവ്വാഴ്ച തൃപ്പൂണിത്തുറ എരൂർ ഫെലിക്കൻ മൃഗാശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ് ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തി നാല് സെൻറിമീറ്റർ നീളമുള്ള പെല്ലറ്റ് പുറത്തെടുത്തു. എന്നാൽ, ചൊവ്വാഴ്ച രാത്രി 11ഓടെ ചത്തു. വെടിയേറ്റശേഷം പൂച്ച ആഹാരം കഴിച്ചിരുന്നില്ല. പെല്ലറ്റ് തറച്ച് കരളിനുണ്ടായ പരിക്കും കുടലിലെ ക്ഷതവുമാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടർമാർ പറഞ്ഞു.
ബുധനാഴ്ച വൈക്കം മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് പൂച്ചയുടെ മൃതദേഹം എത്തിച്ചെങ്കിലും അധികൃതരുടെ നിർദേശത്തെ തുടർന്ന് പിന്നീട് തിരുവല്ലയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി.
നേരേത്ത, രാജെൻറയും ഭാര്യ സുജാതയുെടയും മൊഴിപ്രകാരം അയൽവാസി രമേശനെതിരെ വളർത്തുമൃഗത്തെ വെടിെവച്ചതിന് വൈക്കം പൊലീസ് കേസ് എടുത്തിരുന്നു. ഇതേതുടർന്ന് ഒളിവിലായിരുന്ന രമേശനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.