അയൽനാടൻ വാഴക്കുലവരവ് കുതിച്ചുയർന്നു; വിപണിയിടിഞ്ഞ് നാടൻകുലകൾ
text_fieldsകോട്ടയം: അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള വാഴക്കുലയുടെ വരവ് കുത്തനെ ഉയര്‍ന്നതോടെ തകർന്നടിഞ്ഞ് നാടന്കുലയുടെ വിപണി. വയനാടന്‍ എന്ന പേരില്‍ കര്‍ണാടകത്തില്‍നിന്ന് ഏത്തനും പാളയനും പൂവനും വന്‍തോതില്‍ എത്തുന്നു. അവിടങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ പാട്ടത്തിനെടുത്ത വാഴകൃഷി നടത്തുന്ന മലയാളികളുണ്ട്. കൊങ്കണ്‍ മേഖലയില്‍നിന്ന് 300 രൂപ നിരക്കില്‍ തൊഴിലാളികളെ ലഭിക്കുമെന്നതാണ് അവിടെ കര്‍ഷകരുടെ നേട്ടം. കാവേരി നദിയുടെ പോഷകനദികളില്‍ ജലലഭ്യതയുമുണ്ട്.
എല്ലാ സീസണിലും ഡിമാന്‍ഡുള്ള ഞാലിപ്പൂവന് തമിഴ്നാട്ടില്‍നിന്ന് വലിയതോതില്‍ എത്തുന്നുണ്ട്. കമ്പം, തേനി, മധുര പ്രദേശങ്ങളില്‍ വാഴയില വില്പന കൂടി കണക്കിലെടുത്താണ് ഞാലിപ്പൂവന് കൃഷി. അയല്‍സംസ്ഥാനങ്ങളിൽ വാഴക്കുല വിളവെടുപ്പുകാലം എത്തിയതാണ് നാട്ടില്‍ ന്യായവില ഇല്ലാതാകാന്‍ ഇടയാക്കിയത്.
നാട്ടില്‍ റോബസ്റ്റ -20, പാളയംകോടന് -20, വെള്ളപ്പൂവന്‍ -30, ഞാലിപ്പൂവന് -40, ഏത്തന് -40 രൂപ നിരക്കാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. ഓരോ പ്രദേശത്തും വില വ്യത്യസ്തമാണ്. കൂടാതെ 10 മുതല്‍ 20 രൂപവരെ ഉയര്‍ത്തിയാണ് വ്യാപാരികള്‍ പഴം വില്‍ക്കുന്നത്. ഏത്തക്കുലയുടെ ലാഭം കൊയ്യുന്നത് ചിപ്സ്, ശര്‍ക്കരവരട്ടി വ്യാപാരികളാണ്. ഹോള്‍സെയില്‍ 35 രൂപ നിരക്കില്‍ ഏത്തക്കുല വാങ്ങി ചിപ്സ് തയാറാക്കി കിലോ 450 രൂപ നിരക്കില്‍ ലാഭം കൊയ്യുന്നു. ശബരിമല സീസണ് എത്തിയിക്കെ ആന്ധ്ര, തെലങ്കാന തീര്‍ഥാടകരാണ് മടക്കയാത്രയാത്രയില് ചിപ്സ് വാങ്ങുന്നത്.
കേരളത്തില്‍ റബര്‍വില ഇടിഞ്ഞതോടെ ഒട്ടേറെ കര്‍ഷകര്‍ വലിയതോതില്‍ വാഴകൃഷി ചെയ്യുന്നുണ്ട്. വിത്തും വളവും വിലയ്ക്ക് വാങ്ങിയാണ് കൃഷി. വാഴവിത്ത് ഇപ്പോള്‍ എല്ലാ ഇനങ്ങള്‍ക്കും 20-25 രൂപയാണ് വില. 10-12 രൂപയായിരുന്നു മൂന്നുവര്‍ഷം മുമ്പ് വിത്തിന് വില. 750 രൂപ മുതല്‍ 1000 രൂപയാണ് തൊഴിലാളികള്‍ക്ക് കൂലി.
പക്കവും വിളവും കാലാവസ്ഥയും അനുകൂലമായാല്‍ മാത്രമേ വാഴക്കുല വില്പനക്ക് പാകമാകൂ.
എല്ലാം ഒത്തിണങ്ങുമ്പോള്‍ തുച്ചമായ വിലയും. പുറത്തുനിന്നുള്ള കുലവരവ് കൂടിയാല്‍ അടുത്ത മാസം വില ഇനിയും താഴാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.