ഈ ‘പിഴ’വ് നാണക്കേടാണ് പൊലീസേ... നെത്തല്ലൂർ സ്വദേശിനിയുടെ സ്കൂട്ടറിന് അമ്പലപ്പുഴയിൽ പിഴ
text_fieldsനെത്തല്ലൂർ: അമ്പലപ്പുഴ വഴി പോകാത്ത നെത്തല്ലൂർ സ്വദേശിനിയായ വീട്ടമ്മക്ക് സ്കൂട്ടറിന് പിന്നിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ച് 500 രൂപ പിഴ ചുമത്തി അമ്പലപ്പുഴ പൊലീസ്. നെത്തല്ലൂർ മഠത്തിൽപറമ്പിൽ ഹരിപ്രിയക്കാണ് പിഴ ലഭിച്ചത്. ഞായറാഴ്ച രാവിലെ 11.30ഓടെ ഫോണിൽ വന്ന സന്ദേശം നോക്കിയപ്പോഴാണ് ഹരിപ്രിയ കാര്യമറിയുന്നത്.
കുട്ടനാട് കുന്നുമ്മയിൽ വെച്ച് ഹരിപ്രിയയുടെ ഉടമസ്ഥതയിലെ കെ.എൽ 33 എൽ 5746 നമ്പറിലുള്ള കറുത്ത സ്കൂട്ടറിന് പിന്നിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നും 500 രൂപ പിഴ അടക്കണമെന്നുമാണ് സന്ദേശത്തിലുള്ളത്.
എന്നാൽ, വെബ്സൈറ്റിൽ കയറി കൂടുതൽ വിവരങ്ങൾ തിരഞ്ഞപ്പോൾ നീല നിറത്തിലുള്ള മറ്റൊരു സ്കൂട്ടറിന്റെ ചിത്രമാണ് കാണാൻ കഴിഞ്ഞത്. ഇതോടെ ഇവർ കോട്ടയം ആർ.ടി ഓഫിസുമായി ബന്ധപ്പെട്ടു. താൻ അമ്പലപ്പുഴക്ക് പോയിട്ടില്ലെന്നും ചിത്രത്തിലുള്ളത് മറ്റാരുടെയോ സ്കൂട്ടറാണെന്നും ഹരിപ്രിയ പറഞ്ഞു. സംഭവത്തിൽ കറുകച്ചാൽ പൊലീസുമായി ബന്ധപ്പെടാനായിരുന്നു ആർ.ടി ഓഫിസിൽ നിന്നുള്ള നിർദേശം. ഇതുപ്രകാരം കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
സംഭവം അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി നൽകാൻ കറുകച്ചാൽ പൊലീസ് നിർദേശിച്ചു. തുടർന്ന് അമ്പലപ്പുഴ പൊലീസിനെ കാര്യം ധരിപ്പിച്ചു. ഞായറാഴ്ച സ്റ്റേഷനിൽ പൊലീസുകാർ കുറവാണെന്നും തിങ്കളാഴ്ച വിവരമറിയിക്കാമെന്നും സ്റ്റേഷനിൽനിന്നും പറഞ്ഞെങ്കിലും ഇതുവരെ അറിയിപ്പൊന്നും കിട്ടിയില്ലെന്ന് ഹരിപ്രിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.