ബെല്ലടിക്ക് മുമ്പ് വിപണിയിൽ ആവേശം
text_fieldsകോട്ടയം: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ആഴ്ചകൾ അവശേഷിക്കേ കുട്ടികളെ കൈയിലെടുക്കാൻ സ്കൂൾ വിപണി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞമാസം വിപണികൾ ആരംഭിച്ചിരുന്നുവെങ്കിലും കനത്തവെയിൽ കച്ചവടത്തിന് തിരിച്ചടിയായി. മേയ് പകുതിയോടെ തിരക്കേറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അവശ്യസാധങ്ങൾക്ക് ഇത്തവണ വില അൽപം കൂടുതലാണ്. ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, ബോക്സും വാട്ടർബോട്ടിലും പേനയും പെൻസിലും അടങ്ങുന്ന നീണ്ടനിര തന്നെ ഇത്തവണയും വിപണിയിലുണ്ട്.
600 രൂപ മുതലാണ് ബാഗുകൾക്ക് വില. ബാഗുകളിൽ കാർട്ടൂൺ കഥാപാത്രങ്ങൾ തന്നെയാണ് ഇത്തവണയും താരം. കൂടാതെ കൊറിയൻ സംഗീതട്രൂപ്പായ ബി.ടി.എസിന്റെ ചിത്രങ്ങൾ പതിച്ച ബാഗുകൾക്കും ആവശ്യക്കാരുണ്ട്. പ്ലെയിൻ, പ്രിന്റഡ് ബാഗുകളും വിപണിയിൽ പ്രമുഖനാണ്. അനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപക്ക് മുകളിലാണ് വില. ബ്രാൻഡ് മാറുന്നതിനനുസരിച്ച് ബാഗുകൾക്ക് രണ്ടായിരത്തിന് മുകളിലെത്തും.
ബാഗ്, കിറ്റ്, പൗച്ച് എന്നിവ അടങ്ങുന്ന കോമ്പോകളും വിവിധ ബാഗ് കമ്പനികൾ നൽകുന്നുണ്ട്. അതേസമയം, പൊതുവിപണിയോടൊപ്പം ഓൺലൈനിലും കച്ചവടം തകൃതിയാണ്. ആളുകൾ കൂടുതലായി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നത് ചെറുകിട കച്ചവടക്കാർക്ക് ഭീഷണിയാകുന്നതായും വ്യാപാരികൾ പറയുന്നു. ഇന്ത്യൻ നിർമിതിക്ക് പുറമെ ചൈനീസ് ബാഗുകളും വിപണിയിൽ സുലഭമാണ്. കനത്തചൂടിൽ ആൾക്കാർ പുറത്തിറങ്ങാൻ തയാറാകാത്തത് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെങ്കിലും പുത്തനുടുപ്പും ഫാൻസി ബാഗും കളർഫുൾ കുടകളുമൊക്കെയായി വ്യാപാരികൾ കാത്തിരിക്കുകയാണ്.
ആശ്വാസമാകാൻ സ്റ്റുഡന്റ് മാർക്കറ്റുകൾ
പുത്തനുടുപ്പും പുസ്തകങ്ങളുമായി പുതിയ അധ്യയനവർഷത്തിൽ ഒരുങ്ങാൻ തയാറെടുക്കുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാകുകയാണ് കൺസ്യൂമർഫെഡ് ആരംഭിച്ച സ്റ്റുഡന്റ് മാർക്കറ്റ്. വിദ്യാർഥികൾക്ക് വിലക്കുറവിൽ നോട്ട്ബുക്കുകളും പഠനോപകരണങ്ങളും ഇവിടെ ലഭിക്കും. ഏപ്രിൽ 15 മുതൽ ജൂൺ 15വരെ ജില്ലയിലെ വിവിധയിടങ്ങളിൽ സ്റ്റുഡന്റ് മാർക്കറ്റുകൾ ഒരുങ്ങിയിട്ടുണ്ട്. ഏറ്റുമാനൂർ, കഞ്ഞിക്കുഴി, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, തീക്കോയി, കുറിച്ചി, ചെങ്ങളം, പൂഞ്ഞാർ, പനച്ചിക്കാട്, അയർക്കുന്നം എന്നിവിടങ്ങളിലായി മൊത്തം 10 ത്രിവേണികേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ് മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്.
പൊതുവിപണിയിൽ ലഭിക്കുന്നതിനെക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് നോട്ട്ബുക്കുകളും കുടകളും ബാഗുകളും മറ്റും കൊടുക്കുന്നത്. സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ 21ഓളം മാർക്കറ്റുകളാണ് ഒരുങ്ങിയിരിക്കുന്നത്.
കുട നിവർത്തി സ്കൂൾ വിപണി
കോട്ടയം: സ്കൂൾ തുറപ്പിന് മുമ്പേ കുടവിപണി സജീവമാണ്. കടുത്തചൂടിനെ തുടർന്ന് മറ്റ് മാർഗമില്ലാതായതോടെയാണ് കുടവിപണി നേരത്തേ ഉണർന്നത്. പകൽ പൊള്ളിത്തുടങ്ങിയതോടെ ഇത്തവണ മാർച്ച് മുതൽ കുടകൾക്ക് ആവശ്യക്കാർ ഏറെയായി. ഡിമാൻഡ് ഏറിയതിനെ തുടർന്ന് വിപണിയിൽ ഇടക്കാലത്ത് ക്ഷാമവും നേരിട്ടു. സ്കൂൾവിപണി ലക്ഷ്യമാക്കി കമ്പനികൾ അസംസ്കൃതവസ്തുക്കൾ കരുതിയതിനാൽ ഉൽപാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനായി.
രണ്ടുമാസം മുമ്പ് തന്നെ വിപണി ഉണർന്നതിനാൽ വരുന്ന ആഴ്ചകളിൽ ആരംഭിക്കുന്ന പതിവ് സീസണിൽ കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. സീസണിലേക്ക് ആവശ്യമായ വിപുലമായ ശേഖരണമാണ് വ്യാപാരികൾ വിപണിയിൽ ഒരുക്കിയിരിക്കുന്നത്. മഴവിൽകുട, കൊറിയൻ മ്യൂസിക് ബാൻഡിന്റെ ഡിസൈനിലുള്ള ബി.ടി.എസ് കുടകൾ, പ്രിന്റഡ് കുടകൾ എന്നിങ്ങനെ നീളുന്നു കുടകളിലെ വൈവിധ്യങ്ങൾ.
280 മുതൽ 2000 രൂപവരെ വിലയുള്ള കുടകൾ വിപണിയിലുണ്ട്. കൊച്ചുകുട്ടികളെ ആകർഷിക്കുന്ന കാർട്ടൂൺകഥാപാത്രങ്ങളുടെ ഡിസൈനുകളിലുള്ള ബ്രാൻഡഡ് കുടകൾക്ക് 350 രൂപ മുതലാണ് വില തുടങ്ങുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 100 രൂപയോളം കുടകൾക്ക് വിലവർധനയുണ്ടായിട്ടുണ്ട്. മൂന്ന്, അഞ്ച് ഫോൾഡുകളുള്ള കുടകൾക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലൻകുടകൾക്കും ആവശ്യക്കാർ ഏറെയാണ്. ത്രീഫോൾഡ് കുടകളുടെ വിവിധ മോഡലുകളുമായി വൻകിട കമ്പനികളും വിപണിയിൽ വരവറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.