മൂന്നു സ്കൂളുകൾക്ക് പുതിയ കെട്ടിടം; ഉദ്ഘാടനം 26ന്
text_fieldsകോട്ടയം: ജില്ലയിൽ മൂന്നു സ്കൂളുകളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്കൂളിൽ 3.70 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. നബാർഡ് ഫണ്ട് രണ്ടുകോടി രൂപയും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.70 കോടി രൂപയും ചെലവഴിച്ചാണ് നിർമാണം. 15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.
ഏഴ് ക്ലാസ് മുറികൾ, ഒരു ഹാൾ, ഐ.ടി ലാബ്, ഓഫിസ് മുറി, ലൈബ്രറി, അടുക്കള, രണ്ട് സ്റ്റോർ റൂം, അഞ്ച് ശൗചാലയം എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. പനമറ്റം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി വഴി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് 10900 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം പണിതത്. രണ്ട് നിലകളോട് കൂടിയ പുതിയ കെട്ടിടത്തിൽ 12 ക്ലാസ് മുറിയും ഒരു ഓഫിസ് മുറിയും 14 ടോയ്ലറ്റുകളുമാണുള്ളത്. സ്കൂൾ തല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞഭാഗമായാണ് കിഫ്ബി ഫണ്ടിൽനിന്ന് ഒരുകോടി രൂപ ചെലവിട്ട് നെടുംകുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമിച്ചത്. 3500 ചതുരശ്ര അടിയിൽ രണ്ടുനിലയിലായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ നാല് ക്ലാസ് മുറിയാണുള്ളത്. സ്കൂൾതലത്തിൽ നടക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ശിലാഫലക അനാച്ഛാദനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.